സിജെപിസമരത്തിൽ പങ്കെടുത്ത അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി, പരാതി

ജൂലൈ 20-ന് ഡൽഹിയിൽ നിന്നു മടങ്ങി കോളേജിൽ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും, തുടർന്ന് സർവീസിൽ നിന്ന് ഒഴിവാക്കുന്നതായി അറിയിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

സിജെപിസമരത്തിൽ പങ്കെടുത്ത അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി, പരാതി

ലഖ്നൗ: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ അധ്യാപകൻ രംഗത്തെത്തി. ബരേലിയിലെ ഗാന്ന ഉത്പഡക് പി.ജി. കോളേജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപകനായ ഡോ. മോഹിത് ഭരദ്വാജാണ് ആരോപണം ഉന്നയിച്ചത്.

ജൂലൈ 20-ന് ഡൽഹിയിൽ നിന്നു മടങ്ങി കോളേജിൽ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും, തുടർന്ന് സർവീസിൽ നിന്ന് ഒഴിവാക്കുന്നതായി അറിയിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും കാരണം കാണിക്കൽ നോട്ടീസ് നൽകാതെയും തന്നെ പിരിച്ചുവിട്ടതായും ഡോ. മോഹിത് ഭരദ്വാജ് പറഞ്ഞു. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരത്തിൽ പങ്കെടുത്തതെന്നും, പ്രതിഷേധത്തിനിടെ അച്ചടക്കലംഘനമോ മറ്റേതെങ്കിലും തെറ്റായ പെരുമാറ്റമോ തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി പരാതികൾ ലഭിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് കോളേജ് അധികൃതർ അറിയിച്ചെങ്കിലും, ആ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് അധ്യാപകന്റെ പ്രതികരണം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ പേരിൽ യാതൊരു ഔദ്യോഗിക പരാതിയും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.