പാക് അതിർത്തിയിൽ പോരാടിയ വീരനായകൻ ഇനി ആകാശയാത്രകളുടെ അമരക്കാരൻ; അഭിനന്ദൻ വർധമാൻ 'ഫ്ലൈ91'-ലേക്ക്
ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം അഭിനന്ദൻ വർധമാൻ ഇനി സ്വകാര്യ വിമാനക്കമ്പനിയിൽ പൈലറ്റാകും.
ഇന്ത്യൻ വ്യോമസേനയിലെ മുൻ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ സ്വകാര്യ വിമാനക്കമ്പനിയായ 'ഫ്ലൈ91'-ൽ കൊമേഴ്സ്യൽ പൈലറ്റായി ചേരുന്നു. വ്യോമസേനയിൽനിന്ന് സ്വമേധയാ വിരമിച്ച (VRS) അദ്ദേഹം ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിലൂടെയാകും ഇനി സർവീസ് നടത്തുക. 2019 ഫെബ്രുവരി 26-ന് പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്നാണ് വിങ് കമാൻഡറായിരുന്ന അഭിനന്ദൻ ലോകശ്രദ്ധ നേടുന്നത്.
ശ്രീനഗർ ആസ്ഥാനമായുള്ള 51 സ്‌ക്വാഡ്രൻ്റെ ഭാഗമായി മിഗ്-21 വിമാനത്തിൽ പട്രോളിംഗ് നടത്തവേ, പാകിസ്ഥാൻ്റെ അത്യാധുനിക എഫ്-16 വിമാനത്തെ തുരത്തുന്നതിനിടെ അദ്ദേഹത്തിൻ്റെ വിമാനം തകരുകയും പാക് സൈന്യത്തിൻ്റെ പിടിയിലാവുകയും ചെയ്തു. തുടർന്ന് ശക്തമായ നയതന്ത്ര സമ്മർദ്ദങ്ങൾക്കൊടുവിൽ പാകിസ്ഥാൻ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഈ സമാനതകളില്ലാത്ത ധീരതയ്ക്ക് രാജ്യം അദ്ദേഹത്തെ 'വീരചക്ര' നൽകി ആദരിക്കുകയും പിന്നീട് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.
Comments ()