വിവാഹത്തിൽ നിന്ന് പിന്മാറിയതിൻ്റെ വൈരാഗ്യം: ഉറങ്ങിക്കിടന്ന സഹോദരിമാർക്ക് നേരെ ആസിഡ് ആക്രമണം; 22കാരൻ അറസ്റ്റിൽ

ഉത്തർ പ്രദേശിൽ യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം. ഹാപുരിലുള്ള മാധാപുർ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. 21കാരിയായ യുവതിക്കും സഹോദരിയായ 19കാരിക്കും പൊള്ളലേറ്റു.

വിവാഹത്തിൽ നിന്ന് പിന്മാറിയതിൻ്റെ വൈരാഗ്യം: ഉറങ്ങിക്കിടന്ന സഹോദരിമാർക്ക് നേരെ ആസിഡ് ആക്രമണം; 22കാരൻ അറസ്റ്റിൽ

മീററ്റ്: വിവാഹാലോചന നിരസിച്ചതിൻ്റെ വൈരാഗ്യത്തിൽ ഉറങ്ങിക്കിടന്ന യുവതിക്കും സഹോദരിക്കും നേരെ യുവാവിൻ്റെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ഹാപുരിലുള്ള മാധാപുർ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടി (22) എന്ന യുവാവാണ് വീട്ടിൽ അതിക്രമിച്ചു കയറി 21-ഉം 19-ഉം വയസ്സുള്ള സഹോദരിമാർക്ക് നേരെ ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ കൈയ്ക്കും തോളിനും പൊള്ളലേറ്റ ഇരുവരെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

മൂത്തമകളുമായി ഹർഷ് ഭാട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണെന്നും, എന്നാൽ ഇയാളുടെ അമിത മദ്യപാനവും സ്വഭാവദൂഷ്യവും മനസ്സിലാക്കി പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും പെൺകുട്ടികളുടെ പിതാവ് റോഷൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, ഇത്തരത്തിൽ ആസിഡ് ആക്രമണം നടത്തുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണ സമയത്ത് പെൺകുട്ടികളുടെ ബഹളം കേട്ട് കുടുംബാംഗങ്ങൾ ഉണരുകയും ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. യുവാവിന് ആസിഡ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.