ദേവന്റെ അടുത്ത നീക്കം ടിവികെയിലേക്ക്; വിജയുമായി കൂടിക്കാഴ്ച ഉടൻ

കഴിഞ്ഞ വെള്ളിയാഴ്ച ചാലക്കുടിയിലെ ദേവന്റെ വീട്ടിലെത്തിയ ടിവികെയുടെ രണ്ട് നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. നടി പ്രിയങ്കയും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെ പാർട്ടി നേതൃത്വവുമായി കൂടുതൽ ചർച്ചകൾ നടന്നതായാണ് സൂചന.

ദേവന്റെ അടുത്ത നീക്കം ടിവികെയിലേക്ക്; വിജയുമായി കൂടിക്കാഴ്ച ഉടൻ

കൊച്ചി: ബിജെപിയിൽ നിന്ന് രാജിവച്ച നടൻ ദേവൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകിൽ (ടിവികെ) ചേരുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. പാർട്ടിയിലെ പ്രവേശനം സംബന്ധിച്ച് ദേവനും ടിവികെ നേതൃത്വവും തമ്മിലുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയായതായാണ് വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച ചാലക്കുടിയിലെ ദേവന്റെ വീട്ടിലെത്തിയ ടിവികെയുടെ രണ്ട് നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. നടി പ്രിയങ്കയും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെ പാർട്ടി നേതൃത്വവുമായി കൂടുതൽ ചർച്ചകൾ നടന്നതായാണ് സൂചന.

സെപ്റ്റംബർ 10ന് ശേഷം ചെന്നൈയിൽ വെച്ച് ദേവൻ വിജയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ദേവന്റെ ടിവികെ പ്രവേശനത്തിൽ അന്തിമ തീരുമാനമുണ്ടാകുക. പാർട്ടിയിൽ ചേർന്നാൽ കേരളത്തിലെ ടിവികെ ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ദേവനെ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കേരളത്തിലേക്കും ടിവികെയുടെ ശ്രദ്ധ

തമിഴ്നാട്ടിൽ രാഷ്ട്രീയ ശക്തിയാകാനുള്ള ശ്രമങ്ങൾക്കൊപ്പം ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സംഘടനാ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ടിവികെ എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ ദേവനുമായി ചർച്ചകൾ നടത്തിയതെന്നാണ് സൂചന.

ടിവികെ നേതാക്കൾ ദേവനുമായി നേരിട്ടും ഓൺലൈനായും ആശയവിനിമയം നടത്തിയിരുന്നു. വിജയിയും ദേവനും നേരത്തെ ആറ് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അതേസമയം, ബിജെപിയിലെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് ദേവൻ അടുത്തിടെ രാജിവച്ചത്. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷിത രാജിപ്രഖ്യാപനം. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളും ആദർശങ്ങളും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് താൻ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന ബിജെപിയിൽ അത് കാണാനായില്ലെന്നും ദേവൻ വിമർശിച്ചിരുന്നു.

ദേവനെ ബിജെപിയിൽ തന്നെ തുടരാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശ്രമിച്ചിരുന്നെങ്കിലും രാജി പിൻവലിപ്പിക്കാൻ സാധിച്ചില്ലെന്നാണ് വിവരം.