നടൻ ഇമ്രാൻ ഖാൻ രാജ്യം വിടണം; നോട്ടീസ് നൽകി മുംബൈ പൊലീസ്

ഒക്ടോബർ 28നകം രാജ്യം വിടാൻ മുംബൈ പൊലീസാണ് നോട്ടീസ് നൽകിയത്.

നടൻ ഇമ്രാൻ ഖാൻ രാജ്യം വിടണം; നോട്ടീസ് നൽകി മുംബൈ പൊലീസ്

മുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുംബൈയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത ബോളിവുഡ് താരം ഇമ്രാൻ ഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ പൊലീസ്. അമേരിക്കൻ പൗരത്വം ഉള്ളയാൾ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒക്ടോബർ 28-നകം രാജ്യം വിടണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 10-ന് ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് പ്രമുഖ നടൻ ആമിർ ഖാന്റെ ബന്ധു കൂടിയായ ഇമ്രാൻ ഖാൻ പങ്കെടുത്തത്. എസ്ഐആർ (SIR) റദ്ദാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഇമ്രാനൊപ്പം അദ്ദേഹത്തിന്റെ പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്ടൺ, കസിൻ സെയ്ൻ മേരി ഖാൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് മൂവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും വിദേശ പൗരൻ രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തത് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ ആക്ടിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇമ്രാൻ ഖാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം യു.എസ് പൗരനാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമൈയ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം, താൻ ഒരു മുംബൈ നിവാസി എന്ന നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ പ്രതിനിധിയല്ലെന്നുമായിരുന്നു ഇമ്രാൻ ഖാന്റെ വിശദീകരണം.