മാലിന്യത്തിനെതിരെ സന്ദേശം; ദസറയ്ക്ക് 30 അടി പാറ്റയുടെ കോലം കത്തിക്കും

വീടുകളിലും പരിസരങ്ങളിലും സമൂഹത്തിലും മാലിന്യം ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് പാറ്റയുടെ കോലം ഒരുക്കുന്നതെന്ന് ശ്രീ കേശവ് രാംലീല കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ ദേവരഹ പറഞ്ഞു

മാലിന്യത്തിനെതിരെ സന്ദേശം; ദസറയ്ക്ക് 30 അടി പാറ്റയുടെ കോലം കത്തിക്കും

ദില്ലി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ദില്ലിയിൽ ഇത്തവണ രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ രൂപവും കത്തിക്കും. നഗരത്തിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ നീക്കം. പീതംപുരയിലെ എൻഎസ്പി മേഖലയിലുള്ള കേശവ് രാംലീല കമ്മിറ്റി ഗ്രൗണ്ടിലാണ് കോലങ്ങൾ കത്തിക്കാനുള്ള പരിപാടി സംഘടിപ്പിക്കുന്നത്.

വീടുകളിലും പരിസരങ്ങളിലും സമൂഹത്തിലും മാലിന്യം ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് പാറ്റയുടെ കോലം ഒരുക്കുന്നതെന്ന് ശ്രീ കേശവ് രാംലീല കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ ദേവരഹ പറഞ്ഞു. മോഡൽ ടൗൺ എംഎൽഎയും ബിജെപി നേതാവുമായ അദ്ദേഹം, വിജയദശമി തിന്മയ്ക്കുമേൽ നന്മ നേടുന്ന വിജയത്തിന്റെ പ്രതീകമാണെന്നും വ്യക്തമാക്കി. മുൻകാലങ്ങളിൽ നക്സലിസം, തീവ്രവാദം തുടങ്ങിയ വിപത്തുകളെ പ്രതിനിധീകരിക്കുന്ന കോലങ്ങൾ കത്തിച്ചിട്ടുണ്ടെന്നും ഇത്തവണ മാലിന്യത്തിനെതിരായ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദില്ലിയിൽ സിജെപി നടത്തുന്ന പ്രതിഷേധ പരിപാടികളും ശ്രദ്ധ നേടുന്നുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യമുയർത്തി സംഘടന ഇന്ന് വൈകുന്നേരം കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ 'ലഹ്‌രാ ദോ തിരംഗ' എന്ന പേരിൽ റാലി നടത്തും. പ്രതിഷേധം കണക്കിലെടുത്ത് കൊണാട്ട് പ്ലേസിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.