ചികിത്സയ്ക്കെന്ന പേരിൽ യുവ ഡോക്ടറെ വിളിച്ചുവരുത്തി മർദിച്ചെന്ന് പരാതി; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

അതുല്യയെ കൂടാതെ മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടി. മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നാണ് ഡോക്ടറുടെ പരാതി.

ചികിത്സയ്ക്കെന്ന പേരിൽ യുവ ഡോക്ടറെ വിളിച്ചുവരുത്തി മർദിച്ചെന്ന് പരാതി; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

കൊച്ചി: യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ കവർന്നെടുക്കുകയും ചെയ്തെന്ന കേസിൽ നടി അതുല്യ ചന്ദ്ര അറസ്റ്റിൽ. അതുല്യയെ കൂടാതെ മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടി. മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നാണ് ഡോക്ടറുടെ പരാതി.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയുടെ അനിയത്തിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അടിയന്തരമായി ഫ്ലാറ്റിലെത്തി ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടാണ് അതുല്യ ഡോക്ടറെ ബന്ധപ്പെടുന്നത്. ഇതനുസരിച്ച് അപ്പാർട്ട്‌മെന്റിലെത്തിയ ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. ഫ്ലാറ്റിലെത്തിയപ്പോൾ അതുല്യ ഉൾപ്പെടെ 12 പേർ അവിടെയുണ്ടായിരുന്നുവെന്നും ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്.

തുടർന്ന് സംഘം മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണുകളും കവർന്നെടുക്കുകയും ചെയ്തെന്നാണ് ആരോപണം. കേസിൽ ആകെ 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

‘ഡീയസ് ഈറേ’ എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധ നേടിയത്. ‘ഗാനഗന്ധർവ്വൻ’, ‘ഉയിർ’, ‘കാട്ടാളൻ’ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.