കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കാൻ ‘കതിര്‍’; ബ്രാൻഡ് അംബാസഡർ മോഹൻലാൽ

പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ ‘കതിര്‍’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. വിദ്യാർത്ഥികളെ കൃഷിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും പ്രായോഗികമായി കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനുമാണ് ക്ലബ്ബുകൾ ലക്ഷ്യമിടുന്നത്

കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കാൻ ‘കതിര്‍’; ബ്രാൻഡ് അംബാസഡർ മോഹൻലാൽ

തിരുവനന്തപുരം: കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുകയും കാർഷിക മേഖലയെ അടുത്തറിയാൻ അവസരമൊരുക്കുകയും ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാലിനെ നിയമിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ ‘കതിര്‍’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. വിദ്യാർത്ഥികളെ കൃഷിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും പ്രായോഗികമായി കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനുമാണ് ക്ലബ്ബുകൾ ലക്ഷ്യമിടുന്നത്. അടുത്ത അധ്യയനവർഷത്തോടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കാർഷിക ക്ലബ്ബുകൾ രൂപീകരിക്കാനാണ് കൃഷിവകുപ്പിന്റെ പദ്ധതി.

കൃഷിയോട് തനിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും വീടിനോട് ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്താനുള്ള ഇത്തരം പ്രവർത്തനങ്ങൾ ഏറെ സന്തോഷകരമാണ്. കൃഷിയിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനകരമാണെന്നും അദ്ദേഹം പറഞ്ഞു.

വെർച്വൽ ലോകത്തെയും സ്ക്രീനുകളെയും മാത്രം ആശ്രയിക്കാതെ കുട്ടികൾ മണ്ണിലേക്കും പ്രകൃതിയിലേക്കും ഇറങ്ങിവരേണ്ടതുണ്ടെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. കുട്ടികളുടെ പ്രധാന താൽപര്യമായി കൃഷി മാറണം. മാറ്റത്തിന് തുടക്കം കുറിക്കേണ്ടത് കുട്ടികളിൽ നിന്നാണ്. ഓരോ കുട്ടിയും ഒരു വിത്തെങ്കിലും നട്ടുകൊണ്ട് കൃഷിയുടെ ഭാഗമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പൂർണ പിന്തുണ പദ്ധതിക്ക് നൽകുമെന്നും മോഹൻലാൽ അറിയിച്ചു. മോഹൻലാൽ ബ്രാൻഡ് അംബാസഡറായതോടെ ‘കതിര്‍’ പദ്ധതിക്ക് കൂടുതൽ ജനശ്രദ്ധയും മുന്നേറ്റവും ലഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.

പദ്ധതിയുടെ ഏകോപനത്തിനായി നോഡൽ ഓഫീസർമാരെ നിയമിക്കാനും കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല പരിശീലനം തിരുവനന്തപുരത്ത് രണ്ടുദിവസം നീണ്ടുനിന്ന് പൂർത്തിയാക്കി. സ്കൂൾതലത്തിൽ കാർഷിക പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് പരിശീലനം നൽകിയത്.