നെടുമ്പാശ്ശേരി അപകടം: കൂട്ടിയിടിക്ക് മുൻപ് കാറിന്റെ വേഗം 162 കിലോമീറ്റർ, അമിതവേഗം സ്ഥിരീകരിച്ച് റിപ്പോർട്ട്
കൂട്ടിയിടിക്കുന്നതിന് അഞ്ച് സെക്കൻഡ് മുൻപ് വാഹനത്തിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ
കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ നിർണായക വിവരങ്ങളുമായി ബിഎംഡബ്ല്യു ഇന്ത്യയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ട്. മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുമ്പ് അതിവേഗത്തിലായിരുന്നുവെന്ന് വാഹനത്തിലെ ക്രാഷ് ഡാറ്റ വ്യക്തമാക്കുന്നു. കൂട്ടിയിടിക്കുന്നതിന് അഞ്ച് സെക്കൻഡ് മുൻപ് വാഹനത്തിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
അപകടസമയത്ത് കാറിന്റെ വേഗം 144 കിലോമീറ്ററായി കുറഞ്ഞിരുന്നു. എന്നാൽ കൂട്ടിയിടിക്കുന്നതിന് ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചതെന്നാണ് വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (എസിഎസ്എം) രേഖപ്പെടുത്തിയിട്ടുള്ളത്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന സാങ്കേതിക വിവരങ്ങൾ പരിശോധിച്ചാണ് ബിഎംഡബ്ല്യു ഇന്ത്യ അന്വേഷണ സംഘത്തിന് റിപ്പോർട്ട് നൽകിയത്.
അപകടത്തിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും വാഹനത്തിന്റെ ഉയർന്ന വേഗത സംബന്ധിച്ച സൂചനകൾ ഉണ്ടായിരുന്നു. വിവിധ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഏകദേശം 500 മീറ്റർ ദൂരം 11 സെക്കൻഡിനുള്ളിൽ കാർ പിന്നിട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ ക്രാഷ് ഡാറ്റയും ഇതുമായി പൊരുത്തപ്പെടുന്നതാണ്.
വാഹനം സഞ്ചരിച്ച വേഗതയും അപകടത്തിന് തൊട്ടുമുമ്പ് ഡ്രൈവർ സ്വീകരിച്ച നടപടികളും വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചതോടെ അന്വേഷണത്തിൽ സാങ്കേതിക തെളിവുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. അപകടത്തിന്റെ കൃത്യമായ സാഹചര്യം, ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തനങ്ങൾ, കേസിലെ മറ്റ് പ്രതികളുടെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
വ്യാഴാഴ്ചയാണ് ബിഎംഡബ്ല്യു ഇന്ത്യയുടെ സാങ്കേതിക റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയത്. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളും മറ്റ് തെളിവുകളും പൊലീസ് പരിശോധിച്ചുവരുന്നു.
Comments ()