അടിമാലി മണ്ണിടിച്ചിൽ ദുരന്തം: ബാധിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ 14 കുടുംബങ്ങൾക്ക് കൂടി സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

അടിമാലി മണ്ണിടിച്ചിൽ ദുരന്തം: ബാധിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ട 14 കുടുംബങ്ങൾക്ക് കൂടി സംസ്ഥാന സർക്കാർ ധനസഹായം നൽകാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ വീതമാണ് ഇവർക്കായി അനുവദിച്ചിട്ടുള്ളത്. സർക്കാറിന്റെ നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഈ കുടുംബങ്ങൾ പ്രക്ഷോഭത്തിലായിരുന്നു. ഓണത്തിന് മുൻപായി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് കഴിഞ്ഞ ദിവസം ഇവർ സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലിയിൽ വൻ മണ്ണിടിച്ചിലുണ്ടാകുകയും ഒൻപത് വീടുകൾ പൂർണമായി തകരുകയും ചെയ്തത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നടത്തിയ മണ്ണെടുപ്പാണ് ഈ വൻ ദുരന്തത്തിന് വഴിവെച്ചത്. അപകടത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഇൻഷുറൻസ് തുക നൽകണമെന്ന് നിർമാണ കമ്പനിയോട് സർക്കാർ നിർദേശിച്ചിരുന്നെങ്കിലും അത് ലഭിക്കാതെ വന്നതോടെയാണ് ദുരന്തബാധിതർ നേരിട്ട് സമര രംഗത്തിറങ്ങിയത്.