റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ തലശ്ശേരി സ്വദേശിയും, മരണസംഖ്യ 13 ആയി

ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്.

റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ തലശ്ശേരി സ്വദേശിയും, മരണസംഖ്യ 13 ആയി

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശിനിയും. തലശ്ശേരി സ്വദേശിയായ സങ്കീർത്ത സുരേഷ് (26) ആണ് മരണപ്പെട്ടത്. അപകടത്തിൽ ആകെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. കൂടാതെ, ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ച മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ അധികൃതർ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു.

കഴിഞ്ഞ ദിവസം റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിലായിരുന്നു അപകടം സംഭവിച്ചത്. യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസിന് പിന്നിൽ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസ് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. വിസ പുതുക്കുന്നതിനായി ഒമാനിൽ പോയി മടങ്ങുകയായിരുന്ന 41 യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്.