ക്ലാസ് മുറിയിൽ കിടക്കയിട്ട് പഠിച്ചു; ഗുരുതരരോഗങ്ങളെ അതിജീവിച്ച് എംഎഡ് പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങി മലപ്പുറംകാരി
എംഎഡ് പരീക്ഷയിൽ ഒന്നാം റാങ്ക്
മലപ്പുറം: ഗുരുതരമായ രോഗം ബാധിച്ച് ശരീരം തളർന്നപ്പോൾ ആദ്യം വീൽചെയറിലും, അതും സാധിക്കാതെ വന്നപ്പോൾ ക്ലാസ്മുറിയിലെ കിടക്കയിൽ കിടന്നും പഠിച്ച ടി. ഷാനയ്ക്ക് കാലിക്കറ്റ് സർവകലാശാലാ എംഎഡ് (M.Ed) പരീക്ഷയിൽ ഒന്നാം റാങ്ക്. രണ്ട് മക്കളെ വളർത്തിക്കൊണ്ടും ഒരു പഠനപ്രവർത്തനത്തിലും വിട്ടുവീഴ്ചയോ ഇളവോ തേടാതെയുമാണ് അവർ ഈ നേട്ടം കൈവരിച്ചത്.
വിവാഹശേഷം കോഴിക്കോട് ഫാറൂഖ് കോളജിൽ ബിഎസ്സി ഫിസിക്സിന് പഠിക്കുമ്പോഴാണ്, ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടമാകുന്ന രോഗമായ എസ്എൽഇ അവർക്ക് സ്ഥിരീകരിച്ചത്. ചികിത്സ തുടരുന്നതിനൊപ്പം തന്നെ ബിരുദവും ബിഎഡും അവർ പൂർത്തിയാക്കി. രണ്ടാമത്തെ ഗർഭകാലത്ത് സങ്കീർണതകൾ കാരണം ദീർഘകാലം വിശ്രമം വേണ്ടിവന്ന സമയത്ത്, വിദൂരവിദ്യാഭ്യാസത്തിലൂടെ സൈക്കോളജിയിൽ എംഎ പൂർത്തിയാക്കി. കോവിഡ് കാലത്ത് ഓൺലൈൻ ട്യൂഷൻ എടുക്കുകയും രണ്ട് സ്കൂളുകളിൽ ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയും ചെയ്തു.
എന്നാൽ, രോഗം മൂലം ജോലി തുടരാൻ കഴിയാതെ വന്നതോടെ ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം അവർ ഫാറൂഖ് ട്രെയ്നിങ് കോളജിൽ എംഎഡിന് ചേർന്നു. ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴാണ് എസ്എൽഇ ചികിത്സയുടെ പാർശ്വഫലമായി 'അവാസ്കുലർ നെക്രോസിസ്' എന്ന ഗുരുതരമായ അസ്ഥിരോഗം കൂടി ബാധിച്ചതായി തിരിച്ചറിഞ്ഞത്. രക്തപ്രവാഹം തടസ്സപ്പെട്ട് അസ്ഥികോശങ്ങൾ നശിക്കുന്ന ഈ അവസ്ഥ കാരണം അധികനേരം നിൽക്കാനോ ഇരിക്കാനോ കിടക്കാനോ പോലും കഴിയാത്ത സാഹചര്യമുണ്ടായി.
ഇതോടെ പഠനം നിർത്തുന്നതിനെക്കുറിച്ച് സംസാരിക്കാൻ മാതാപിതാക്കൾ കോളജിലെത്തി. അന്ന് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം ചോദിച്ച "നിങ്ങൾക്കവളെ ഇവിടെ എത്തിച്ചു തരാനാകുമോ?" എന്ന വാക്കുകളാണ് ഷാനയ്ക്ക് കരുത്തായത്. തുടർന്ന് ഷാന വീൽചെയറിൽ വീണ്ടും കോളജിലെത്തി തന്റെ പഠനം മുന്നോട്ടുകൊണ്ടുപോയി. ഷാനയുടെ സൗകര്യാർത്ഥം ക്ലാസ്മുറി താഴത്തെ നിലയിലേക്ക് മാറ്റി, അവിടെ കിടക്ക സൗകര്യവും ഒരുക്കി. ഇരുന്നും കിടന്നുമായിരുന്നു പിന്നീടുള്ള പഠനം. ഇതിനിടയിൽ രണ്ട് ഇടുപ്പെല്ലുകളും മാറ്റിവയ്ക്കുന്നതിനായി രണ്ട് സങ്കീർണ ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്നു. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് 18-ാം ദിവസം തന്നെ ഷാന വീണ്ടും ക്ലാസ്മുറിയിൽ തിരിച്ചെത്തി. ഇരുന്നും കിടന്നും തന്നെയാണ് അവർ പരീക്ഷകളും എഴുതിയത്.
മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പിലെ തേവങ്ങാട്ട് ഹംസക്കോയയുടെയും ഫൗസിയയുടെയും മകളാണ് ഷാന. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി പി. മുസ്തഫയാണ് ഭർത്താവ്. രോഗാവസ്ഥ ഏറെക്കുറെ ഭേദമായതോടെ ഇപ്പോൾ നെറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ് അവർ. ഇതിനൊപ്പം ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) എംഎസ്സി (M.Sc) ഫിസിക്സിനും ചേർന്നുകഴിഞ്ഞു.
Comments ()