ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകല്ലടുപ്പുകൾക്ക് പകരം ഇരുമ്പടുപ്പുകൾ? പുതിയ നിർദേശവുമായി കോർപ്പറേഷൻ

പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ചുടുകല്ലുകൾ പൊടിഞ്ഞ് നഗരത്തിൽ പൊടിശല്യവും മലിനീകരണവും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം മുന്നോട്ടുവച്ചത്

ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകല്ലടുപ്പുകൾക്ക് പകരം ഇരുമ്പടുപ്പുകൾ? പുതിയ നിർദേശവുമായി കോർപ്പറേഷൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുടുകല്ലടുപ്പുകൾക്ക് പകരം ഇരുമ്പുകമ്പികൾ ഉപയോഗിച്ച് നിർമിച്ച സ്ഥിരം അടുപ്പുകൾ കൊണ്ടുവരുന്നത് പരിഗണിച്ച് നഗരസഭ. പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ചുടുകല്ലുകൾ പൊടിഞ്ഞ് നഗരത്തിൽ പൊടിശല്യവും മലിനീകരണവും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം മുന്നോട്ടുവച്ചത്. ഇത്തരത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ കോർപ്പറേഷന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു.

കഴിഞ്ഞ വർഷം പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ലുകൾ നീക്കം ചെയ്യുന്നതിനായി മാത്രം 12 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് ചെലവഴിക്കേണ്ടിവന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ചുടുകല്ലടുപ്പുകളുടെ ഉപയോഗം ക്രമേണ കുറയ്ക്കാനാണ് കോർപ്പറേഷന്റെ ആലോചന. ഇരുമ്പുകമ്പി ഉപയോഗിച്ച് നിർമിക്കുന്ന സ്ഥിരം അടുപ്പുകൾ പ്രാവർത്തികമാക്കിയാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യവും പൊടിപടലങ്ങളും കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വിഷയം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വിശദമായി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. റസിഡന്റ്സ് അസോസിയേഷനുകൾക്കും പൊങ്കാല സംഘാടകർക്കും സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ പങ്കാളികളാകാമെന്ന് മേയർ ചൂണ്ടിക്കാട്ടി. പുതിയ രീതിയിലേക്ക് മാറുന്നതിനായി സംഘാടകർ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.