ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തിൽ നവംബർ 1 മുതൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
'മുരാസു' ആഞ്ഞടിച്ചാൽ കേരളത്തിലും ഇടിമിന്നലോടെ മഴ സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും മുകളിലായി തുടരുന്ന ശക്തികൂടിയ ന്യൂനമർദം അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായും, തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചേക്കും.
ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ ഇന്ത്യ നിർദ്ദേശിച്ച 'മുരാസു' എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുമെന്നാണ് പ്രവചനം.
ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് സാധ്യതയെ തുടർന്ന് കേരളത്തിലും വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് നവംബർ 1 മുതൽ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച കാലാവസ്ഥാ വകുപ്പ് നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Comments ()