പാലക്കാട് 1 6 കാരന്റെ കുത്തേറ്റ് മുത്തശ്ശന്‍ മരിച്ചു

ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.

പാലക്കാട് 1 6 കാരന്റെ കുത്തേറ്റ് മുത്തശ്ശന്‍ മരിച്ചു

പാലക്കാട്: പാലക്കാട് കാവശ്ശേരിയിൽ പതിനാറുകാരനായ കൊച്ചുമകന്റെ കുത്തേറ്റ ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

ഈ മാസം 19-ന് വൈകിട്ട് ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. സുലൈമാന്റെ മകളുടെ മകനായ 16 വയസ്സുകാരൻ തന്റെ പത്തു വയസ്സുള്ള സഹോദരിയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. സഹോദരിയെ രക്ഷിക്കാൻ ഇടയിൽ കയറിയ മുത്തശ്ശൻ സുലൈമാന് ക്രൂരമായി കുത്തേൽക്കുകയായിരുന്നു.

ആക്രമണത്തിൽ നെഞ്ചിനും കഴുത്തിനും വയറിനും ഗുരുതരമായി പരിക്കേറ്റ സുലൈമാനെ ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പതിനാറുകാരനെ ആലത്തൂർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ മുൻകാല പശ്ചാത്തലങ്ങളെക്കുറിച്ചും അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.