ദില്ലി-ദമാം എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; കയ്യക്ഷര പരിശോധനയിൽ നിർണായക സൂചന

കഴിഞ്ഞ തിങ്കളാഴ്ച ദില്ലിയിൽനിന്ന് ദമാമിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സുരക്ഷാ ആശങ്ക സൃഷ്ടിച്ച സംഭവം ഉണ്ടായത്. ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ഇംഗ്ലീഷിൽ ‘ബോംബ്’ എന്ന് എഴുതിയ നിലയിൽ കണ്ടെത്തുകയായിരുന്നു

ദില്ലി-ദമാം എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; കയ്യക്ഷര പരിശോധനയിൽ നിർണായക സൂചന

ദില്ലി: ദില്ലി-ദമാം എയർ ഇന്ത്യ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. വിമാനത്തിലെ ശുചിമുറിയിൽനിന്ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ കയ്യക്ഷരമാണ് അന്വേഷണത്തിൽ നിർണായക സൂചനയായത്. കത്തിലെ കയ്യക്ഷരത്തിന് വിമാനത്തിലെ ഒരു ക്യാബിൻ ക്രൂ അംഗത്തിന്റേയും ഒരു യാത്രക്കാരന്റേയും കയ്യക്ഷരവുമായി സാമ്യമുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ തിങ്കളാഴ്ച ദില്ലിയിൽനിന്ന് ദമാമിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സുരക്ഷാ ആശങ്ക സൃഷ്ടിച്ച സംഭവം ഉണ്ടായത്. ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ഇംഗ്ലീഷിൽ ‘ബോംബ്’ എന്ന് എഴുതിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പേപ്പർ ശ്രദ്ധയിൽപ്പെട്ടതോടെ ക്യാബിൻ ക്രൂ വിവരം ഉടൻ വിമാനത്തിന്റെ പൈലറ്റിനെ അറിയിച്ചു.

തുടർന്ന് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ തീരുമാനിച്ചു. സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറക്കിയ ശേഷം സുരക്ഷാ നടപടികളുടെ ഭാഗമായി ഐസൊലേറ്റഡ് ബേയിലേക്ക് മാറ്റി.

വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. പിന്നാലെ ബോംബ് സ്ക്വാഡും മറ്റ് സുരക്ഷാ വിഭാഗങ്ങളും വിമാനത്തിൽ സമഗ്ര പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിലും സ്ഫോടക വസ്തുക്കളോ അപകടകരമായ മറ്റേതെങ്കിലും വസ്തുക്കളോ കണ്ടെത്താനായില്ല.

ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കയ്യക്ഷര പരിശോധന നടത്തിയത്. സന്ദേശത്തിലെ കയ്യക്ഷരം രണ്ട് പേരുടേതുമായി സാമ്യമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. ഇവരിൽ ക്യാബിൻ ക്രൂ അംഗവും വിമാനത്തിലെ ഒരു യാത്രക്കാരനും ഉൾപ്പെടുന്നു.

ഭീഷണി സന്ദേശം ആരാണ് എഴുതിയതെന്നും സംഭവത്തിന് പിന്നിലെ യഥാർഥ ഉദ്ദേശ്യം എന്താണെന്നും കണ്ടെത്താനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകളും ചോദ്യം ചെയ്യലുകളും ഉണ്ടാകുമെന്നാണ് സൂചന.