പശ്ചിമേഷ്യന്‍ സംഘര്‍ഷം; ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ.

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും സർവീസുകൾ നവംബർ 24 വരെയാണ് നിർത്തിവെച്ചിരിക്കുന്നത്. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. നേരത്തെ റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് നവംബർ 30 വരെ പ്രഖ്യാപിച്ചിരുന്ന സർവീസ് റദ്ദാക്കൽ തുടരും. മറ്റ് പ്രമുഖ വിമാനക്കമ്പനികളും മേഖലയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. നവംബർ 24 വരെ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ ലഭിക്കുന്നതിനോ (റീഫണ്ട്), യാത്രാ തീയതി പുനഃക്രമീകരിക്കുന്നതിനോ ഉള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

അതേസമയം, യമനിൽ ഹൂത്തി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്. റിയാദിലെ പ്രമുഖ സാമ്പത്തിക-വ്യാപാര കേന്ദ്രമായ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ട് ടവറിന് നേരെയുണ്ടായ ഹൂത്തി ആക്രമണത്തെ ലോകരാജ്യങ്ങൾ ശക്തമായി അപലപിച്ചു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ആക്രമണത്തെ അപലപിക്കുകയും സൗദി അറേബ്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികൾ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതിന് പിന്നാലെ സൗദി സഖ്യസേനയും പ്രത്യാക്രമണം കടുപ്പിച്ചു. ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ സംഭരണശാലകളും ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും ഉൾപ്പെടെ 60-ഓളം സൈനിക താവളങ്ങൾ തകർത്തതായി സഖ്യസേന അറിയിച്ചു.

ഇറാൻ-അമേരിക്ക സംഘർഷം നിലനിൽക്കുന്നതിനിടെയാണ് യമനിലും യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. അമേരിക്കയ്ക്ക് നേരെ ഇറാൻ വീണ്ടും കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ രണ്ട് മണിക്കൂറിനിടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി സ്ഫോടനത്തിനിരയായതായി ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐആർജിസി) അറിയിച്ചു. കൂടാതെ, ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന നിർണ്ണായക സമുദ്രപാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂത്തികൾ തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് ആഗോള ചരക്കുനീക്കത്തെ ഗുരുതരമായി ബാധിച്ചേക്കും.