ഖത്തറിൽ ട്രാഫിക് നിയമങ്ങൾ കൂടുതൽ കർശനമാകുന്നു; ഡിസംബർ 19 മുതൽ പുതിയ നിയന്ത്രണങ്ങൾ, വൻ പിഴയും തടവും

വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഡ്രൈവിങ്ങിനിടെ വാഹനത്തിനുള്ളിലെ ടെലിവിഷൻ സ്ക്രീനുകളിൽ ദൃശ്യങ്ങൾ കാണുന്നതിനും വിലക്കുണ്ട്

ഖത്തറിൽ ട്രാഫിക് നിയമങ്ങൾ കൂടുതൽ കർശനമാകുന്നു; ഡിസംബർ 19 മുതൽ പുതിയ നിയന്ത്രണങ്ങൾ, വൻ പിഴയും തടവും

ദോഹ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഖത്തറിൽ വിപുലമായ ട്രാഫിക് നിയമപരിഷ്കാരങ്ങൾ നടപ്പാക്കുന്നു. ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം അശ്രദ്ധമായ ഡ്രൈവിങ്, ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിലുള്ള വേഗനിയന്ത്രണം, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി വിവിധ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഡ്രൈവിങ്ങിനിടെ വാഹനത്തിനുള്ളിലെ ടെലിവിഷൻ സ്ക്രീനുകളിൽ ദൃശ്യങ്ങൾ കാണുന്നതിനും വിലക്കുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്ക് 500 ഖത്തർ റിയാൽ പിഴ ഈടാക്കും. ഗുരുതരമായ കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും ലഭിക്കാം. ആവർത്തിച്ച് നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങൾ കോടതി ഉത്തരവിലൂടെ കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്.

ഹൈവേകളിൽ നിശ്ചയിക്കുന്ന കുറഞ്ഞതും കൂടിയതുമായ വേഗപരിധികൾ ഡ്രൈവർമാർ നിർബന്ധമായും പാലിക്കണം. അനാവശ്യമായി വേഗം കുറച്ച് മറ്റ് വാഹനങ്ങളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കുന്നതും നിയമനടപടിക്ക് കാരണമാകും. ഇതുമായി ബന്ധപ്പെട്ട കൃത്യമായ വേഗപരിധികൾ തുടർനടപടികളിലൂടെ നിശ്ചയിക്കും.

ഇലക്ട്രിക് സ്കൂട്ടറുകൾക്കും രജിസ്ട്രേഷൻ നിർബന്ധം

ഇലക്ട്രിക് സ്കൂട്ടറുകളും സമാനമായ വാഹനങ്ങളും ഉപയോഗിക്കുന്നവർ ലൈസൻസിങ് അതോറിറ്റിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം. നിശ്ചിത ഫീസ് അടച്ച് ഔദ്യോഗിക നമ്പർ പ്ലേറ്റ് സ്വന്തമാക്കി വാഹനത്തിൽ പ്രദർശിപ്പിക്കുകയും വേണം.

സീറ്റ് ബെൽറ്റ് നിയമത്തിലും കർശന വ്യവസ്ഥകളുണ്ട്. യാത്രയ്ക്കിടെ ഡ്രൈവറും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കണം. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യാൻ പാടില്ല. ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തും.

മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെയുള്ള ചില വാഹനവിഭാഗങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സായി ഉയർത്തിയിട്ടുണ്ട്. ലൈസൻസ് അനുവദിക്കുന്നതിന് ആവശ്യമായ ആരോഗ്യയോഗ്യതയും പാലിക്കേണ്ടതുണ്ട്.

ട്രാം നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷ

ട്രാം സർവീസ് നടത്തുന്ന മേഖലകളിൽ വാഹനമോടിക്കുന്നവർക്കായി പ്രത്യേക സുരക്ഷാ നിർദേശങ്ങളും പുതിയ നിയമത്തിലുണ്ട്. ട്രാമിന് പിന്നിൽ കുറഞ്ഞത് അഞ്ച് മീറ്റർ അകലം പാലിക്കണം. ട്രാമിന് മുന്നിൽ അനാവശ്യമായി വാഹനം നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്യരുത്. ട്രാമിനെ ഇരുവശത്തുകൂടിയും മറികടക്കുന്നതിനും വിലക്കുണ്ട്.

ഇത്തരം ഗുരുതര നിയമലംഘനങ്ങൾക്ക് മൂന്ന് വർഷം വരെ തടവും 20,000 റിയാൽ വരെ പിഴയും ലഭിക്കാം. ട്രാം പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സർവീസിന് തടസ്സമാകുന്ന രീതിയിൽ സമീപത്ത് നിർത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവോ 10,000 റിയാൽ വരെ പിഴയോ ലഭിക്കാം. നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനോ ക്ലാമ്പ് സ്ഥാപിക്കുന്നതിനോ അധികൃതർക്ക് അധികാരമുണ്ടാകും.

ട്രാഫിക് സിഗ്നലുകൾ അവഗണിച്ച് ട്രാം പാത മുറിച്ചുകടക്കുന്നതും കുറ്റകരമാണ്. ഇതിന് മൂന്ന് മാസം വരെ തടവും 6,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാം.

വാഹനങ്ങളിലെ അലങ്കാരങ്ങൾക്കും നിയന്ത്രണം

അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ എഴുത്തുകൾ, ചിത്രങ്ങൾ, സ്റ്റിക്കറുകൾ, ചിഹ്നങ്ങൾ തുടങ്ങിയവ പതിപ്പിക്കുന്നതിനും പുതിയ നിയമം നിയന്ത്രണം ഏർപ്പെടുത്തുന്നു. വാഹനങ്ങളിൽ പരസ്യബോർഡുകൾ, മാതൃകകൾ, ശബ്ദോപകരണങ്ങൾ എന്നിവ സ്ഥാപിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ലൈസൻസിങ് അതോറിറ്റിയുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. നിയമം ലംഘിച്ചാൽ ഒരു വർഷം വരെ തടവോ 10,000 റിയാൽ വരെ പിഴയോ ലഭിക്കാം.

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കരുത്

കുട്ടികളെയും പ്രത്യേക പരിചരണം ആവശ്യമുള്ളവരെയും വാഹനത്തിനുള്ളിൽ ഒറ്റയ്ക്കാക്കി പോകുന്നതിനെതിരെയും കർശന വ്യവസ്ഥകളുണ്ട്. 13 വയസ്സിൽ താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ, രോഗബാധിതർ, പ്രത്യേക പരിചരണം ആവശ്യമായ മുതിർന്നവർ എന്നിവരെ വാഹനത്തിൽ തനിച്ചാക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. ഇത്തരം സംഭവങ്ങളിൽ മൂന്ന് വർഷം വരെ തടവോ 20,000 റിയാൽ വരെ പിഴയോ ലഭിക്കാം.

പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഖത്തറിലെ ഡ്രൈവർമാർ ഗതാഗത ചട്ടങ്ങൾ കൂടുതൽ ശ്രദ്ധയോടെ പാലിക്കേണ്ടിവരും. റോഡപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം.