ഒമാനിൽ ദേശീയ ദിനാഘോഷം; 344 തടവുകാർക്ക് രാജകീയ മാപ്പ്, കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി പൊലീസ്
സാമ്പത്തിക രംഗത്ത് കൂടുതൽ കരുത്താർജിക്കുക, വരുമാന മാർഗങ്ങൾ വിപുലീകരിക്കുക, യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഒമാൻ മുന്നോട്ടുപോകുന്നത്
മസ്കറ്റ്: ദേശീയ ദിനാഘോഷങ്ങളുടെ ആവേശത്തിൽ ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇത്തവണത്തെ ദേശീയ ദിനം ആഘോഷിക്കുന്നത്. ആധുനിക ഒമാന്റെ വളർച്ചയും സുസ്ഥിര വികസന മുന്നേറ്റങ്ങളും ആഘോഷങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
സാമ്പത്തിക രംഗത്ത് കൂടുതൽ കരുത്താർജിക്കുക, വരുമാന മാർഗങ്ങൾ വിപുലീകരിക്കുക, യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഒമാൻ മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ ദീർഘകാല വികസന പദ്ധതിയായ 'ഒമാൻ വിഷൻ 2040' കേന്ദ്രീകരിച്ച് വിവിധ മേഖലകളിൽ പുതിയ പദ്ധതികളും പരിഷ്കാരങ്ങളും നടപ്പാക്കിവരികയാണ്. ദേശീയ വിഭവങ്ങളും മനുഷ്യശേഷിയും പരമാവധി പ്രയോജനപ്പെടുത്തി സമ്പദ്വ്യവസ്ഥയെ കൂടുതൽ മത്സരക്ഷമമാക്കുകയാണ് ലക്ഷ്യം.
ദേശീയ ദിനത്തിൽ 344 തടവുകാർക്ക് മോചനം
ആഘോഷങ്ങളുടെ ഭാഗമായി വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന 344 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ മാപ്പ് അനുവദിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള തടവുകാർക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. റോയൽ ഒമാൻ പൊലീസാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
തടവുകാരുടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും മാനുഷിക സാഹചര്യങ്ങളും പരിഗണിച്ചാണ് രാജകീയ നടപടി. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിഗണനയായാണ് മാപ്പ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.
ആഘോഷങ്ങളിൽ നിയമലംഘനം വേണ്ട; മുന്നറിയിപ്പുമായി പൊലീസ്
ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതമായി നടത്തുന്നതിനായി റോയൽ ഒമാൻ പൊലീസ് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനങ്ങളിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്യുക, ജനാലകളിലൂടെ ശരീരം പുറത്തേക്ക് നീട്ടുക, സൺറൂഫ് തുറന്ന് യാത്ര ചെയ്യുക, റോഡുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുക തുടങ്ങിയവ അനുവദിക്കില്ല.
അമിതവേഗത, അനാവശ്യമായി ഉച്ചഭാഷിണികൾ ഉപയോഗിക്കൽ, സ്പ്രേ പെയിന്റുകൾ ഉപയോഗിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കൽ, പൊതുസദാചാരത്തിന് വിരുദ്ധമായ പെരുമാറ്റങ്ങൾ എന്നിവയും ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. ആഘോഷങ്ങളുടെ പേരിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വാണിജ്യ സ്ഥാപനങ്ങൾക്കും പ്രത്യേക നിയന്ത്രണം
ദേശീയ ദിനവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, ഉൽപ്പന്നങ്ങൾ, പരിപാടികൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും പുറത്തിറക്കിയിട്ടുണ്ട്.
2025-ലെ 25-ാം നമ്പർ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാണിജ്യ ആവശ്യങ്ങൾക്കായി 'ദേശീയ ദിനം' എന്ന ഔദ്യോഗിക പേര് തന്നെ ഉപയോഗിക്കണം. സുൽത്താന്റെ ഔദ്യോഗിക ചിഹ്നം, കൊട്ടാരങ്ങളുടെ ചിത്രങ്ങൾ, സുൽത്താന്റെ പേരിലുള്ള പള്ളികളുടെ ചിത്രങ്ങൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.
ദേശീയ ചിഹ്നം, സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രം, ദേശീയ പതാക, ഒമാന്റെ ഭൂപടം എന്നിവ ഉപയോഗിക്കാൻ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വികസന നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം പൊതുസുരക്ഷയ്ക്കും ഔദ്യോഗിക ചട്ടങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഒമാൻ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങുന്നത്.
Comments ()