സുരക്ഷാ ആശങ്ക: ജയ്പൂരിൽ അടിയന്തരമായി ഇറക്കി എയർ ഇന്ത്യ വിമാനം; പരിശോധന ശക്തമാക്കി
ബോയിംഗ് 787-9 വിമാനമായ എഐ 2030 ആണ് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.
ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-9 (എഐ 2030) വിമാനം സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനം തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ നിയമവിരുദ്ധമായ ഇടപെടൽ സൂചിപ്പിക്കുന്ന അന്താരാഷ്ട്ര ട്രാൻസ്പോണ്ടർ കോഡായ 'സ്ക്വാക്ക് കോഡ് 7500' (ഹൈജാക്ക് അലേർട്ട് കോഡ്) പൈലറ്റ് ഉപയോഗിച്ചതിനെ തുടർന്നാണ് ജയ്പൂരിലേക്ക് തിരിച്ചുവിട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും, പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വിശദമായ പരിശോധന നടത്തിവരികയും ചെയ്യുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും പൈലറ്റുമാരെയും സുരക്ഷാ മേൽനോട്ടത്തിൽ ഘട്ടം ഘട്ടമായി പുറത്തിറക്കി, അവരുടെ ലഗേജുകൾക്കൊപ്പം കർശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിവരികയാണ്.
Comments ()