വ്യോമസേനയ്ക്ക് പുതിയ അമരക്കാരൻ; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു.

വ്യോമസേനയ്ക്ക് പുതിയ അമരക്കാരൻ; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഒക്ടോബർ 31-ന് വിരമിക്കുന്ന ഒഴിവിലാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. അന്ന് ഉച്ചകഴിഞ്ഞ് എയർ ചീഫ് മാർഷൽ പദവിയിലേക്ക് ഉയർത്തപ്പെടുന്ന അശുതോഷ് ദീക്ഷിത് പുതിയ സേനാതലവനായി സ്ഥാനമേൽക്കും. നിലവിൽ വ്യോമസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

നാല് പതിറ്റാണ്ടോളമായി രാജ്യത്തെ സേവിക്കുന്ന അദ്ദേഹം 1986 ഡിസംബർ 6-നാണ് വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. 'എക്സ്പരിമെന്റൽ ടെസ്റ്റ് പൈലറ്റ്', 'ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്ടർ' എന്നീ നിലകളിൽ മികവ് തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന് 3,500-ലധികം മണിക്കൂർ വിമാനം പറത്തിയുള്ള വലിയ പരിചയസമ്പത്തുണ്ട്. മിറാഷ്-2000, വിവിധ മിഗ് വിമാനങ്ങൾ, ജാഗ്വാർ, തേജസ്, ഐ.എൽ-78 ഉൾപ്പെടെ നിരവധി ആധുനിക പോർവിമാനങ്ങൾ പറത്തിയിട്ടുള്ള അദ്ദേഹം, 'ഓപ്പറേഷൻ സഫേദ് സാഗർ', 'ഓപ്പറേഷൻ രക്ഷക്' തുടങ്ങിയ നിർണ്ണായക വ്യോമസേനാ ദൗത്യങ്ങളിലും പങ്കാളിയായിട്ടുണ്ട്.

പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത (ആത്മനിർഭർ ഭാരത്) മുന്നിൽ കണ്ടുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച എൽ.സി.എ തേജസ് പദ്ധതി വിപുലീകരിക്കുന്നതിൽ അശുതോഷ് ദീക്ഷിത് നിർണ്ണായക പങ്കാണ് വഹിച്ചത്. സേവനമികവ് പരിഗണിച്ച് വായുസേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, പരമ വിശിഷ്ട സേവാ മെഡൽ എന്നീ ബഹുമതികൾ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.