ആകാശത്തൊരു ഓണസദ്യ: ഗൾഫ് വിമാനങ്ങളിൽ വിഭവസമൃദ്ധമായ സദ്യയുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് 18 മണിക്കൂർ മുൻപ് വരെ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം.
കൊച്ചി: ഈ ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി ആകാശത്ത് വെച്ച് ഓണസദ്യ കഴിച്ച് യാത്ര ചെയ്യാനുള്ള അവസരമൊരുക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഈ ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 500 രൂപയാണ് സദ്യയുടെ വില.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ വിമാനങ്ങളിൽ സദ്യ ഒരുക്കിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്, ഇത്തവണയും ഓണത്തിന്റെ തനത് അനുഭൂതി ഒട്ടും കുറയാതെയാണ് വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. വാഴയിലയിൽ മട്ടയരി ചോറ്, നെയ്പ്പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പാലട പ്രഥമൻ എന്നിവ അടങ്ങുന്ന വിഭവസമൃദ്ധമായ സദ്യയാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. കസവുകരയുടെ ആകർഷകമായ ഡിസൈനിൽ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഈ ഓണസദ്യ യാത്രക്കാർക്ക് ലഭ്യമാക്കുന്നത്.
ഈ പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിംഗ്, ഇ-കോമേഴ്സ്, ലോയൽറ്റി മേധാവിയായ സുനിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു. ആകാശത്ത് ഓണസദ്യയൊരുക്കുന്നത് കേരളത്തിന്റെ തനത് ആഘോഷത്തെ ലോകമെമ്പാടും എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി, ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച എയർ ഇന്ത്യ എക്സ്പ്രസിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നായി പ്രതിമാസം 2,850-ഓളം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇതിൽ 70 ശതമാനം സർവീസുകളും അബുദാബി, അൽ ഐൻ, ബഹ്റൈൻ, ദമാം, ദോഹ, ദുബായ്, ജിദ്ദ, കുവൈറ്റ്, മസ്കറ്റ്, റാസൽഖൈമ, റിയാദ്, സലാല, ഷാർജ തുടങ്ങിയ ഗൾഫ് മേഖലകളിലെ പ്രധാന വിമാനത്താവളങ്ങളിലേക്കാണ്.
Comments ()