"കൺമുന്നിൽ ഒരു ജീവൻ മുങ്ങിത്താഴുമ്പോൾ മരിക്കാൻ വിട്ടുകൊടുക്കാൻ തോന്നിയില്ല"; ധീരതയുടെ കഥ പറഞ്ഞ് അജേഷ്
ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ അജേഷ് പറയുന്നു
കൊച്ചി: നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷപെടുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ അജേഷിന് നാടിന്റെ അഭിനന്ദനപ്രവാഹം. എറണാകുളം ചാലക്ക സ്വദേശിയായ നാല്‍പത്തിയൊന്നുകാരന്‍ അജേഷിന്റെ ധീരതയാണ് ഒരു ജീവന്‍ തിരികെ നല്‍കിയത്.
പറവൂരില്‍ നിന്നും അങ്കമാലിയിലേക്ക് യാത്രക്കാരുമായി ബസ് ഓടിച്ചു പോകുമ്പോഴാണ് റോഡരികില്‍ ആളുകള്‍ കൂടിനില്‍ക്കുന്നത് അജേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബസ് നിര്‍ത്തി നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി പുഴയുടെ നടുവിലായി മുങ്ങിത്താഴുന്നതാണ് കണ്ടത്. ആ സമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഒട്ടും സമയം കളയാതെ കണ്ടക്ടറോട് അനുവാദം ചോദിച്ച ശേഷം അജേഷ് പുഴയിലേക്ക് ചാടുകയായിരുന്നു. കണ്‍മുന്നില്‍ ഒരു കുട്ടി മുങ്ങിത്താഴുമ്പോള്‍ മരിക്കാന്‍ വിട്ടുകൊടുക്കാന്‍ തോന്നിയില്ലെന്നാണ് ഈ നായകന്‍ പറയുന്നത്.
പുഴയുടെ നടുവിലേക്ക് നീന്തിയെത്തിയ അജേഷ്, മുങ്ങിത്താഴുകയായിരുന്ന പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വെള്ളത്തിന് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ആ സമയത്ത് കുട്ടി വെള്ളം ഛര്‍ദ്ദിക്കുകയും പതുക്കെ മൂളുകയും ചെയ്തതോടെ ജീവനുണ്ടെന്ന് ഉറപ്പായെന്നും അത് തനിക്ക് വലിയ ധൈര്യം നല്‍കിയെന്നും അജേഷ് പറയുന്നു. അപകടം നടന്ന സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എവിടെയും വള്ളങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയെയുമെടുത്ത് കരയിലേക്ക് നീന്തുന്നതിനിടയില്‍ മറ്റുള്ളവരും സഹായത്തിനെത്തുകയും, ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ശക്തമായ ഒഴുക്കുള്ള പുഴയില്‍ പെണ്‍കുട്ടിയെയും പിടിച്ച് 250 മീറ്ററിലേറെ നീന്തിയാണ് അജേഷിന്റെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments ()