അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണി
സമൂഹമാധ്യമത്തിലൂടെയുള്ള പോസ്റ്റിലൂടെയാണ് ഗുണ്ടാനേതാവ് ഭീഷണി മുഴക്കിയത്. വി
മുംബൈ ∙ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും നേരെ ഗുണ്ടാനേതാവ് ഗോൾഡി ധില്ലന്റെ വധഭീഷണി. ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാന കണ്ണിയും വിദേശത്തിരുന്ന് ഇന്ത്യയിലും കാനഡയിലുമായി ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നയാളുമായ ഗോൾഡി ധില്ലൻ സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി മുഴക്കിയത്. തന്റെ രണ്ട് കൂട്ടാളികളെ ഡൽഹി പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തെങ്കിലും മുംബൈയിൽ വച്ച് മുതിർന്ന നടനെ ലക്ഷ്യമിടാനുള്ള പദ്ധതിയിൽ യാതൊരു മാറ്റവുമില്ലെന്ന് ഇയാൾ അവകാശപ്പെട്ടു.
വികാസ് താക്കൂർ, ദീപക് സിങ് എന്നിവരുടെ അറസ്റ്റ് തങ്ങളുടെ നീക്കങ്ങളെ ബാധിക്കില്ലെന്നും മുംബൈയിൽ തന്റെ ഇരുനൂറോളം കൂട്ടാളികൾ സജീവമായി രംഗത്തുണ്ടെന്നും പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു. അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും പേരുകൾ പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടുള്ള കുറിപ്പിൽ, എത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്കോ ക്യാബിനുകൾക്കോ ഇവരെ രക്ഷിക്കാനാവില്ലെന്നും വെടിവച്ചിരിക്കുമെന്നും ഭീഷണിയുണ്ട്.
1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പരാമർശിച്ച ധില്ലൻ, ആക്രമണത്തിന് ഉത്തരവാദികളായവരോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് വ്യക്തമാക്കി. ലോകത്തിന്റെ ഏത് കോണിലായാലും സിഖ് സമുദായത്തിനെതിരെ സംസാരിക്കുന്നവർക്ക് മറുപടി പറയേണ്ടിവരുമെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ, ഈ സമൂഹമാധ്യമ പോസ്റ്റിന്റെയും അതിലെ അവകാശവാദങ്ങളുടെയും ആധികാരികത പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ 'ജൽസ'യ്ക്ക് പുറത്ത് വെടിയുതിർക്കാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന രണ്ട് ഷൂട്ടർമാരെ ഡൽഹി പൊലീസ് സ്പെഷൽ സെൽ പിടികൂടി ദിവസങ്ങൾക്കകമാണ് പുതിയ ഭീഷണി. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ഇവരെ ചോദ്യം ചെയ്തതിൽ, തട്ടിക്കൊണ്ടുപോയി പണം തട്ടുന്നതിനായി ഡൽഹിയിലെ ഒരു വ്യവസായിയെ വധിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ ബച്ചന്റെ വസതിയായ ജൽസയ്ക്ക് നേരെ മൂന്ന് തവണ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നവംബർ ഒന്നിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു പിന്നിൽ നിന്നാണ് അമിതാഭ് ബച്ചൻ ആരാധകരെ അഭിവാദ്യം ചെയ്തത്.
Comments ()