600-ലധികം ചിത്രങ്ങൾ, വില്ലനായും ഹാസ്യതാരമായും തിളങ്ങി, തെലുങ്ക് നടൻ ഗിരി ബാബുവിന് വിട

600-ലധികം ചിത്രങ്ങൾ, വില്ലനായും ഹാസ്യതാരമായും തിളങ്ങി, തെലുങ്ക് നടൻ ഗിരി ബാബുവിന് വിട

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ പ്രമുഖ സാന്നിധ്യമായിരുന്ന നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹൈദരാബാദിലെ കൊണ്ടാപൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ 600-ലധികം സിനിമകളുടെ ഭാഗമായി അദ്ദേഹം. വില്ലൻ വേഷങ്ങളിലും ഹാസ്യകഥാപാത്രങ്ങളിലും സ്വഭാവനടനായും ഒരുപോലെ തിളങ്ങിയ ഗിരി ബാബു തെലുങ്ക് സിനിമയിൽ സ്വന്തമായ ഇടം നേടിയിരുന്നു. അഭിനയത്തിനു പുറമെ സംവിധാനത്തിലും നിർമാണത്തിലും അദ്ദേഹം കഴിവ് തെളിയിച്ചു.

1973-ൽ പുറത്തിറങ്ങിയ 'ജഗമേ മായ'യിലൂടെയായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. ആദ്യകാലത്ത് നായകവേഷങ്ങളിൽ എത്തിയ അദ്ദേഹം പിന്നീട് വില്ലൻ, സ്വഭാവവേഷങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 1977-ലെ പുരാണചിത്രമായ 'കുരുക്ഷേത്ര'യിൽ ദുശ്ശാസനനായി നടത്തിയ പ്രകടനം ഏറെ ശ്രദ്ധേയമായി. 'ജ്യോതി', 'പസിവാടി പ്രാണം', 'ഹലോ ബ്രദർ', 'സിസിന്ദ്രി', 'ലിറ്റിൽ സോൾജിയേഴ്സ്', 'നിന്നേ പെള്ളാഡത്ത' തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

പുതുതലമുറ താരങ്ങൾക്കൊപ്പവും അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചു. 'ഗമ്യം', 'ഗീത ഗോവിന്ദം', 'ജാതി രത്നാലു', 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്നിവ അതിൽപ്പെടുന്നു. 'രണരംഗം', 'ഇന്ദ്രജിത്ത്', 'നീ സുഖമേ നേ കോരുതുന്ന' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 'ദേവതലാറ ദീവിഞ്ചണ്ടി', 'മെരുപു ദാഡി' എന്നീ സിനിമകളുടെ നിർമാണത്തിലും പങ്കാളിയായി.

ഗിരി ബാബുവിന്റെ വിയോഗത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, നടൻ ചിരഞ്ജീവി, സംവിധായകൻ അനിൽ രവിപുഡി, മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണം തെലുങ്ക് സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് ചിരഞ്ജീവി പ്രതികരിച്ചു. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും ചിരഞ്ജീവി എക്സിൽ കുറിച്ചു.