സിനിമാ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം; ‘പുലിമുരുകൻ’ ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു
രണ്ട് ദിവസം മുമ്പ് ആലപ്പുഴയിൽ ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ഷാജികുമാറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്
കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയ ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സിനിമയുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില പിന്നീട് വഷളാകുകയായിരുന്നു. മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പ് ആലപ്പുഴയിൽ ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ഷാജികുമാറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ആലപ്പുഴയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ പിന്നീട് മുറിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
മലയാള സിനിമയിൽ ഒരു പതിറ്റാണ്ടിലേറെയായി സജീവമായിരുന്ന ഷാജികുമാർ അൻപതിലധികം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ‘പുലിമുരുകൻ’, ‘നരൻ’, ‘ഒടിയൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ആക്ഷൻ രംഗങ്ങൾക്ക് ശക്തമായ ദൃശ്യഭാഷ ഒരുക്കിയ ഛായാഗ്രാഹകനെന്ന നിലയിൽ പേരെടുത്തു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഹിന്ദി ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.
വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു തുടങ്ങിയ സംവിധായകർക്കൊപ്പം ഷാജികുമാർ നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. 2016ൽ പുറത്തിറങ്ങിയ ‘പുലിമുരുകൻ’ അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. ‘അതിമനോഹരം’, ‘ഒറ്റക്കൊമ്പൻ’ എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ. ‘അതിമനോഹരം’ ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
Comments ()