ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; സായ് സുദർശൻ പുറത്ത്
ടെസ്റ്റ് ടീമിൽ മൂന്നാം നമ്പറിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന സുദർശന് പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യ എ ടീമിനായും അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലും ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു താരം.
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ ആശങ്കയിലാക്കി വീണ്ടും പരിക്ക്. മികച്ച ഫോമിലുള്ള യുവ ബാറ്റർ സായ് സുദർശൻ വിരലിനേറ്റ പരിക്കിനെ തുടർന്ന് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിന്ന് പുറത്തായി. ഓഗസ്റ്റ് 15ന് ഗാലെയിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
ടെസ്റ്റ് ടീമിൽ മൂന്നാം നമ്പറിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന സുദർശന് പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യ എ ടീമിനായും അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലും ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു താരം.
സുദർശന് പകരം കർണാടക താരം ദേവ്ദത്ത് പടിക്കലിന് ആദ്യ ടെസ്റ്റിൽ അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ സെഞ്ചുറി നേടിയ പടിക്കൽ മികച്ച ഫോമിലാണ്. അതേസമയം, സുദർശന്റെ പകരക്കാരനെ ബിസിസിഐ ഉടൻ പ്രഖ്യാപിച്ചേക്കും. സർഫറാസ് ഖാൻ, റുതുരാജ് ഗെയ്ക്‌വാദ്, ഷെയ്ഖ് റഷീദ് എന്നിവരും പരിഗണനയിലുണ്ട്.
പരിക്കുകളുടെ തുടർച്ചയായ തിരിച്ചടിയാണ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ നേരിടുന്നത്. പേസർ ജസ്പ്രീത് ബുമ്രയ്ക്ക് പിന്നാലെ സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനും പരിക്ക് കാരണം ആദ്യ ടെസ്റ്റ് നഷ്ടമാകും. സന്നാഹ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിനിടെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും വിരലിന് പരിക്കേറ്റിരുന്നു. ഇതോടെ ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനെതിരായ മത്സരത്തിൽ ഗിൽ കളിച്ചില്ല.
Comments ()