'കേരളം അപകടത്തില്‍,ഫോര്‍ട്ട് കൊച്ചി മൊത്തം മുസ്ലീങ്ങള്‍',വിവാദ വീഡിയോയുമായി വ്ലോഗർ, ദിയ കൃഷ്ണയുടെ പിന്തുണ

ഫോർട്ട് കൊച്ചിയിലെ ‘കാശി’ കഫേ സന്ദർശിച്ചതിന്റെ അനുഭവം വിവരിച്ചാണ് വീഡിയോയിലെ പരാമർശങ്ങൾ. കഫേയിൽ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം മുഹമ്മദ് അലി ജിന്നയുടെ ചിത്രവും കണ്ടതായും മെനുവിൽ ബീഫ് വിഭവങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇയാൾ അവകാശപ്പെടുന്നു

'കേരളം അപകടത്തില്‍,ഫോര്‍ട്ട് കൊച്ചി മൊത്തം മുസ്ലീങ്ങള്‍',വിവാദ വീഡിയോയുമായി വ്ലോഗർ, ദിയ കൃഷ്ണയുടെ പിന്തുണ

തിരുവനന്തപുരം: കേരളത്തെയും ഫോർട്ട് കൊച്ചിയെയും ലക്ഷ്യമിട്ട് മതപരമായ പരാമർശങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ച ഉത്തരേന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ വിമർശനം ശക്തമാകുന്നു. ‘ലിറ്റിചോക്ക് അപ്പ്’ എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിൽ കേരളം അപകടകരമായ സാഹചര്യത്തിലാണെന്നും ഫോർട്ട് കൊച്ചിയിൽ മുസ്ലീങ്ങൾക്കാണ് ഭൂരിപക്ഷമെന്നുമുള്ള അവകാശവാദങ്ങളാണ് ഇയാൾ ഉന്നയിക്കുന്നത്. താൻ കേരളത്തിലാണെന്നും വീഡിയോയിലെ പരാമർശങ്ങളുടെ പേരിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും ഇയാൾ പറയുന്നുണ്ട്.

ഫോർട്ട് കൊച്ചിയിലെ ‘കാശി’ കഫേ സന്ദർശിച്ചതിന്റെ അനുഭവം വിവരിച്ചാണ് വീഡിയോയിലെ പരാമർശങ്ങൾ. കഫേയിൽ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം മുഹമ്മദ് അലി ജിന്നയുടെ ചിത്രവും കണ്ടതായും മെനുവിൽ ബീഫ് വിഭവങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇയാൾ അവകാശപ്പെടുന്നു. ഇന്ത്യയുടെ വിഭജനവുമായി ബന്ധപ്പെട്ട് ഗാന്ധി, നെഹ്റു, ജിന്ന എന്നിവരെ വിമർശിക്കുന്ന പരാമർശങ്ങളും വീഡിയോയിലുണ്ട്. വിഭജനത്തെത്തുടർന്ന് ഹിന്ദുക്കൾക്കും സിഖുകാർക്കും നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചും ഇയാൾ സംസാരിക്കുന്നു.

കേരളത്തിൽ ഇസ്ലാം മതത്തിന്റെ പ്രചാരണത്തിനായി അറബ് രാജ്യങ്ങളിൽനിന്ന് പണം എത്തുന്നുണ്ടെന്നും ഫോർട്ട് കൊച്ചിയിലെ ഭൂരിഭാഗം വ്യാപാരികളും ടാക്സി, ഓട്ടോറിക്ഷാ ഡ്രൈവർമാരും ചെറുകിട കച്ചവടക്കാരും മുസ്ലീങ്ങളാണെന്നും വീഡിയോയിൽ ആരോപിക്കുന്നു. കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കിൽ കേരളം നഷ്ടപ്പെടുമെന്ന തരത്തിലുള്ള പരാമർശങ്ങളും ഇയാൾ നടത്തുന്നുണ്ട്. കേരളത്തെക്കുറിച്ച് നേരത്തെയും സമാനമായ വീഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയും വീഡിയോയ്ക്ക് പിന്തുണയറിയിച്ച് ‘സങ്കടകരമായ യാഥാർഥ്യം’ എന്ന കമന്റ് രേഖപ്പെടുത്തിയതായി പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെ കമന്റ് ചർച്ചയായതോടെ ദിയ അത് നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.