നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം വിടവാങ്ങി
ചിറയിൻകീഴിലെ പ്രേംനസീറിന്റെ പഴയ തറവാട് വീടുമായും ലൈലാബീഗത്തിന് പ്രത്യേക ബന്ധമുണ്ടായിരുന്നു. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ വീടിന് അവരുടെ പേരിൽ ‘ലൈലാ കോട്ടേജ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്
കോഴിക്കോട്: നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം (76) അന്തരിച്ചു. പറയഞ്ചേരിയിലെ വസതിയിൽ വെച്ചായിരുന്നു മരണം. സംസ്കാരച്ചടങ്ങുകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും.
1950 ഓഗസ്റ്റ് 24ന് ചിറയിൻകീഴിൽ ജനിച്ച ലൈലാബീഗം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പഠനം പൂർത്തിയാക്കി. കൊടിക്കകം ഗവൺമെന്റ് എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദായിരുന്നു ഭർത്താവ്. അദ്ദേഹം ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. സജിത്തും സോജയുമാണ് മക്കൾ.
ചിറയിൻകീഴിലെ പ്രേംനസീറിന്റെ പഴയ തറവാട് വീടുമായും ലൈലാബീഗത്തിന് പ്രത്യേക ബന്ധമുണ്ടായിരുന്നു. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ വീടിന് അവരുടെ പേരിൽ ‘ലൈലാ കോട്ടേജ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പിതാവിന്റെ ജീവിതത്തെയും അദ്ദേഹത്തോടൊപ്പമുള്ള ഓർമകളെയും ആസ്പദമാക്കി ‘ഇതിലെ പോയത് വസന്തം’ എന്ന പുസ്തകവും അവർ എഴുതിയിട്ടുണ്ട്.
നടൻ ഷാനവാസ് സഹോദരനും റസിയ, റിത എന്നിവർ സഹോദരിമാരുമാണ്. പ്രേംനസീറിന്റെ കുടുംബചരിത്രത്തിലെ പ്രധാന ഓർമകൾ സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ലൈലാബീഗം. അവരുടെ വിയോഗത്തോടെ കുടുംബത്തിനും അടുത്തവർക്കും ദുഃഖമായി.
Comments ()