‘കാര്യങ്ങൾ വളച്ചൊടിക്കരുത്, ഇതാണ് അമ്മ പറഞ്ഞത്’; നെടുമ്പാശ്ശേരി അപകടത്തിലെ പരാമർശത്തിൽ വിശദീകരണവുമായി ദിയ സുജിത്ത്
അപകടവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ചിലർ പരാമർശങ്ങളെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചതോടെയാണ് വിശദീകരണവുമായി എത്തിയത്
കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട് നടി മഞ്ജു പിള്ള നടത്തിയ പരാമർശങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടെന്ന വിശദീകരണവുമായി മകൾ ദിയ സുജിത്ത് രംഗത്ത്. അപകടത്തിൽ മരിച്ച മൂന്ന് യുവാക്കളെക്കുറിച്ച് മഞ്ജു പിള്ള നടത്തിയ പ്രതികരണത്തിന്റെ യഥാർഥ ഉദ്ദേശ്യം വ്യക്തമാക്കുന്ന വീഡിയോയാണ് ദിയ പങ്കുവച്ചത്. അപകടവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ചിലർ പരാമർശങ്ങളെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചതോടെയാണ് വിശദീകരണവുമായി എത്തിയത്.
മൂന്ന് യുവാക്കളും യാത്രയ്ക്ക് പുറപ്പെട്ടത് അപകടം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചല്ലെന്നും അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തുന്ന സമീപനം ശരിയല്ലെന്നുമാണ് മഞ്ജു പിള്ള വീഡിയോയിൽ പറയുന്നത്. രാത്രി യാത്ര ചെയ്തതും ഒരു ബൈക്കിൽ മൂന്ന് പേർ സഞ്ചരിച്ചതും ഹെൽമറ്റ് ധരിക്കാതിരുന്നതും തെറ്റായ തീരുമാനങ്ങളാണെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അപകടത്തെക്കുറിച്ചുള്ള ചർച്ച മതപരമായ വേർതിരിവുകളിലേക്കും പെൺകുട്ടികൾ ഒരു പുരുഷനൊപ്പം യാത്ര ചെയ്തതിനെ ചോദ്യം ചെയ്യുന്നതിലേക്കും വഴിമാറരുതെന്നും അവർ അഭിപ്രായപ്പെട്ടു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉയരേണ്ടത് യാത്രയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളാണെന്നും യുവാക്കളുടെ മതം മുൻനിർത്തിയുള്ള വിമർശനങ്ങളല്ലെന്നും മഞ്ജു പിള്ള വിശദീകരിക്കുന്നു. തന്റെ വാക്കുകൾ തെറ്റായി പ്രചരിപ്പിക്കരുതെന്നും മരിച്ച യുവാക്കളുടെ കുടുംബത്തിന് വ്യക്തത നൽകുന്നതിനായാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്നും ദിയ കുറിച്ചു. സംഭവത്തെക്കുറിച്ചുള്ള ചർച്ചകൾ വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന സന്ദേശവും ദിയയുടെ പ്രതികരണത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു.
Comments ()