ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി; ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി.

ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി; ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ

ടോക്കിയോ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ചരിത്രനേട്ടവുമായി മലയാളി താരം വിദർശ കെ. വിനോദ്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ വിദർശ, ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന അപൂർവ നേട്ടത്തിന് ഉടമയായി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ അടങ്ങുന്ന മൂന്നംഗ ടീമാണ് ഇന്ത്യയ്ക്കായി ഈ നേട്ടം കൊയ്തത്. കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ സ്വന്തമാക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കുടുംബത്തിന്റെയും കോച്ചിന്റെയും പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്നും താരം പ്രതികരിച്ചു. 50 മീറ്റർ റൈഫിൾ ഇനത്തിലും മത്സരമുള്ളതിനാൽ ഈ വെള്ളി മെഡൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും വിദർശ കൂട്ടിച്ചേർത്തു.

2018-ൽ എൻ.സി.സി.യിലൂടെയാണ് വിദർശ ഷൂട്ടിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 2019-ഓടെ ഷൂട്ടിംഗ് ഒരു പ്രൊഫഷനായി തിരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശീലനം നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് ഷൂട്ടിംഗ് റെയ്ഞ്ചിൽ പ്രാക്ടീസ് സൗകര്യമുണ്ടെന്നും, എല്ലാ ജില്ലകളിലെയും അസോസിയേഷനുകളിൽ അംഗത്വമെടുത്ത് തുടക്കക്കാർക്ക് പരിശീലനം ആരംഭിക്കാമെന്നും താരം വ്യക്തമാക്കി.