അത്തം പിറന്നു, ഓണാഘോഷങ്ങൾക്ക് തുടക്കമായി; ഇത്തവണ പ്രത്യേകതകൾ ഏറെ

ഓഗസ്റ്റ് 26നാണ് ഈ വർഷത്തെ തിരുവോണം. ചിങ്ങമാസത്തിലെ പത്താം ദിവസമായ ചിങ്ങം 10നാണ് തിരുവോണം വരുന്നത്. ഇതിന് മുന്നോടിയായുള്ള അത്തം കർക്കടകം 31നാണ്. അതിനാൽ തൃപ്പൂണിത്തുറ അത്തച്ചമയം ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഇത്തവണ കർക്കടകത്തിലാണ് ആരംഭിക്കുന്നത്.

അത്തം പിറന്നു, ഓണാഘോഷങ്ങൾക്ക് തുടക്കമായി; ഇത്തവണ പ്രത്യേകതകൾ ഏറെ

കൊച്ചി: പൂക്കളവും ഓണപ്പാട്ടുകളും നിറച്ച് കേരളത്തിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളുമായി വീടുകളിലും നാട്ടിൻപുറങ്ങളിലും ഇന്ന് മുതൽ അത്തപ്പൂക്കളമൊരുങ്ങും. എന്നാൽ ഇത്തവണത്തെ അത്തം ഒരു പ്രത്യേകതയോടെയാണ് എത്തുന്നത്. പതിവിന് വിപരീതമായി കര്‍ക്കടക മാസത്തിലാണ് അത്തം നാൾ എത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 26നാണ് ഈ വർഷത്തെ തിരുവോണം. ചിങ്ങമാസത്തിലെ പത്താം ദിവസമായ ചിങ്ങം 10നാണ് തിരുവോണം വരുന്നത്. ഇതിന് മുന്നോടിയായുള്ള അത്തം കർക്കടകം 31നാണ്. അതിനാൽ തൃപ്പൂണിത്തുറ അത്തച്ചമയം ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഇത്തവണ കർക്കടകത്തിലാണ് ആരംഭിക്കുന്നത്.

സാധാരണ അത്തം നാളിൽ നിന്ന് പത്താം ദിവസമാണ് തിരുവോണം എത്തുന്നത്. എന്നാൽ ഇത്തവണ അത്തം കഴിഞ്ഞ് പതിനൊന്നാം ദിവസമാണ് തിരുവോണം. ചോതി നക്ഷത്രം രണ്ട് സൂര്യോദയങ്ങളിലായി വ്യാപിച്ചുവരുന്നതാണ് ദിവസങ്ങളുടെ എണ്ണത്തിൽ ഈ വ്യത്യാസത്തിന് കാരണം. തിരുവോണം ചിങ്ങമാസത്തിൽ തന്നെ വരണമെന്നതിനാലാണ് ആഘോഷങ്ങൾക്ക് കർക്കടകത്തിലെ അത്തം മുതൽ തുടക്കമാകുന്നത്.

അത്തം പിറന്നതോടെ വീടുകളിലെ പൂക്കളമൊരുക്കലിനും തുടക്കമാകും. തുമ്പ, മുക്കുറ്റി, കണ്ണാന്തളി, മന്ദാരം, ശംഖുപുഷ്പം, ചെണ്ടുമല്ലി തുടങ്ങിയ പൂക്കൾ ഉപയോഗിച്ചാണ് പരമ്പരാഗതമായി പൂക്കളമൊരുക്കുന്നത്.

മഹാബലിയുടെ വരവിനെയും സമൃദ്ധിയുടെയും സമത്വത്തിന്റെയും ഓർമകളെയും വരവേൽക്കുന്ന അത്തം മുതൽ കേരളം ഓണത്തിന്റെ ആഘോഷ നിറത്തിലേക്ക് കടക്കുകയാണ്. കാർഷിക പാരമ്പര്യവും മലയാളിയുടെ സാംസ്കാരിക തനിമയും വിളിച്ചോതുന്ന പത്ത് ദിവസത്തെ ആഘോഷങ്ങൾക്ക് ഇതോടെ തുടക്കമായി.