അഭിജിത് ദീപ്കെയ്ക്ക് പാർട്ടിയിലേക്ക് അത്താവലെയുടെ ക്ഷണം; ബിജെപി–എൻഡിഎ ക്യാംപിൽ അതൃപ്തി

സിജെപിക്കെതിരേ ബിജെപിയും എൻഡിഎയും രാഷ്ട്രീയമായി രംഗത്തുള്ളതിനിടെയാണ് സഖ്യകക്ഷി നേതാവായ അത്താവലെ ദീപ്കെയെ സ്വന്തം പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഈ നീക്കം സഖ്യത്തിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

അഭിജിത് ദീപ്കെയ്ക്ക് പാർട്ടിയിലേക്ക് അത്താവലെയുടെ ക്ഷണം; ബിജെപി–എൻഡിഎ ക്യാംപിൽ അതൃപ്തി

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലിയുടെ നീക്കം ബിജെപി–എൻഡിഎ നേതൃത്വത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. സിജെപിക്കെതിരേ ബിജെപിയും എൻഡിഎയും രാഷ്ട്രീയമായി രംഗത്തുള്ളതിനിടെയാണ് സഖ്യകക്ഷി നേതാവായ അത്താവലെ ദീപ്കെയെ സ്വന്തം പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഈ നീക്കം സഖ്യത്തിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

നാഗ്പുരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അഭിജിത് ദീപ്കെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാൻ തയാറാണെന്ന് അത്താവലെ വ്യക്തമാക്കിയത്. ദീപ്കെ താൽപര്യം പ്രകടിപ്പിച്ചാൽ ആർപിഐയിൽ അംഗത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതുവരെ ദീപ്കെ ക്ഷണം അംഗീകരിച്ചിട്ടില്ലെന്നും അത്താവലെ വ്യക്തമാക്കി. അംബേദ്കറുടെ ആശയങ്ങളിൽ അധിഷ്ഠിതമായ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ യുവാക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

പ്രത്യേകിച്ച് ജെൻസി വിഭാഗത്തിൽനിന്നുള്ള യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കേണ്ടതുണ്ടെന്നും അത്താവലെ ചൂണ്ടിക്കാട്ടി. അംബേദ്കർ അനുകൂല നിലപാടുള്ളതും ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളതുമായ ദീപ്കെയുടെ വരവ് പാർട്ടിക്ക് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതേസമയം, അത്താവലെയുടെ ക്ഷണത്തിനെതിരേ ദീപ്കെ പ്രതികരിച്ചു. ഒരു മാസം മുമ്പുവരെ ദേശദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട ഒരാൾ എങ്ങനെയാണ് ഇപ്പോൾ പ്രിയപ്പെട്ടവനായി മാറിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അത്താവലിയുടെ പ്രസ്താവനയും ദീപ്കെയുടെ മറുപടിയും രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.