അർണബ് ചുഴലിക്കാറ്റ്: നാല് വിമാന സർവീസുകളും 72 ട്രെയിനുകളും റദ്ദാക്കി, ജാ​ഗ്രത നിർദേശം

അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കരയിലേക്ക് നീങ്ങുന്നതിനാൽ ആന്ധ്രാപ്രദേശിലും ഒഡിഷയിലും അതീവ ജാഗ്രതാ നിർദേശം നൽകി.

അർണബ് ചുഴലിക്കാറ്റ്: നാല് വിമാന സർവീസുകളും 72 ട്രെയിനുകളും റദ്ദാക്കി, ജാ​ഗ്രത നിർദേശം

വിശാഖപട്ടണം: 'അര്‍ണബ്' ചുഴലിക്കാറ്റ് അതിതീവ്ര രൂപം പ്രാപിച്ച് തീരത്തേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ ആന്ധ്രാപ്രദേശിലും ഒഡിഷയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ വിശാഖപട്ടണത്തും ഒഡിഷയിലെ വിവിധ പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. ആന്ധ്ര തീരത്ത് കടല്‍ പ്രക്ഷുബ്ധമായി തുടരുകയാണ്.

തീരപ്രദേശങ്ങളില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ പുലര്‍ച്ചെയോടെ അര്‍ണബ് കരതൊടുമെന്നാണ് പ്രവചനം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആന്ധ്രയിലെ കാക്കിനടയില്‍ നിന്ന് മാത്രം എണ്‍പത്തൊന്‍പതിനായിരത്തോളം (89,000) ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യോമ, റെയില്‍ ഗതാഗത മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നാല് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും നാലെണ്ണം മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മേഖലയിലൂടെയുള്ള 72 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. ഇന്ത്യക്ക് പുറമെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.