ഇംഗ്ലീഷ് തെറ്റിയതിന് വെയിറ്റര്‍ക്ക് മര്‍ദനം; കസ്റ്റമര്‍ക്ക് ആജീവനാന്ത വിലക്കുമായി താജ് ഹോട്ടല്‍!
ജീവനക്കാരനെ മർദിച്ചയാൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി താജ് ഹോട്ടൽ.
ആഗ്ര: ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതില്‍ പിഴവ് സംഭവിച്ച ജീവനക്കാരന്റെ മുഖത്തടിച്ച കസ്റ്റമര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ആഗ്ര താജ് ഹോട്ടല്‍. ഹോട്ടലിലെ വെയിറ്ററായ കാന്തി എന്ന യുവാവിനാണ് കസ്റ്റമറില്‍ നിന്ന മോശം അനുഭവം ഉണ്ടായത്. ആഗ്രയ്ക്ക് സമീപമുള്ള ചെറിയ ഗ്രാമത്തിലെ കര്‍ഷക കുടുംബാംഗമായ കാന്തിക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പ്രയാസങ്ങളുണ്ടായിരുന്നു. റെസ്റ്റോറന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനിടെ ആശയവിനിമയത്തില്‍ പിഴവുണ്ടായതാണ് കസ്റ്റമറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ വെയിറ്ററുടെ മുഖത്തടിക്കുകയായിരുന്നു.
എസ്.എല്‍.എം.ജി ബിവറേജസ്, സിന്‍സിയര്‍ ഡെവലപ്പേഴ്സ് എന്നിവയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ പരിതോഷ് ലധാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കസ്റ്റമറുടെ പെരുമാറ്റത്തേക്കാള്‍ തന്നെ ഞെട്ടിച്ചത് അക്രമത്തിന് ശേഷമുള്ള കാന്തിയുടെ പ്രതികരണമായിരുന്നുവെന്ന് ലധാനി കുറിച്ചു. ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ സംഭവം പുറത്തുപറയാതെ കാന്തി മറച്ചുവെക്കാന്‍ ശ്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടന്‍ തന്നെ ജീവനക്കാരുടെ ആത്മാഭിമാനത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് ഹോട്ടല്‍ മാനേജ്മെന്റ് കസ്റ്റമറെ പൂര്‍ണ്ണമായും ബ്ലാക്ക്ലിസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജീവനക്കാരന് പിന്തുണയുമായി എത്തിയ ഹോട്ടല്‍ മാനേജ്മെന്റിന്റെ നടപടിക്ക് വലിയ തോതിലുള്ള പ്രശംസയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
Comments ()