കുവൈത്തിൽ പണമയക്കൽ ചട്ടങ്ങൾ കടുപ്പിക്കുന്നു; 3,000 ദിനാറിന് മുകളിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നിർബന്ധം
കുവൈത്തില്‍ 3,000 കുവൈത്തി ദിനാറിന് മുകളിലുള്ള വിദേശ പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് ഇനിമുതല്‍ കുറഞ്ഞത് കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ 3,000 കുവൈത്തി ദിനാറിന് മുകളിലുള്ള വിദേശ പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് ഇനിമുതല്‍ കുറഞ്ഞത് കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നിയന്ത്രിക്കുന്നതിനുമായി എക്സ്ചേഞ്ച് കമ്പനികള്‍ നടപ്പിലാക്കുന്ന പുതിയ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
ഉപഭോക്താക്കള്‍ അയക്കുന്ന പണം അവരുടെ പ്രഖ്യാപിത വരുമാനവുമായി പൊരുത്തപ്പെടുന്നതാണോ എന്നും, തുകയ്ക്ക് നിയമാനുസൃതമായ ഉറവിടമുണ്ടോ എന്നും ഉറപ്പാക്കുകയാണ് കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന ഈ പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. മുന്‍പ് സാധാരണയായി 10,000 ദിനാറിന് മുകളിലുള്ള ഇടപാടുകള്‍ക്കോ, ഉപഭോക്താവിന്റെ കെ.വൈ.സി. (KYC) വിവരങ്ങളുമായി പൊരുത്തപ്പെടാത്ത വലിയ ഇടപാടുകള്‍ക്കോ മാത്രമാണ് ഇത്തരത്തിലുള്ള രേഖകള്‍ ആവശ്യപ്പെട്ടിരുന്നത്. പുതിയ പരിശോധനാ നടപടികളിലൂടെ സാമ്പത്തിക ഇടപാടുകളുടെ കൃത്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും, വ്യക്തമായ സാമ്പത്തികമോ നിയമപരമോ ആയ അടിസ്ഥാനമില്ലാത്ത ഇടപാടുകള്‍ കണ്ടെത്താനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി, ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,000 ദിനാര്‍ വരെ മാത്രമേ പണമായി (Cash) അയയ്ക്കാന്‍ അനുവാദമുള്ളൂ. അതില്‍ക്കൂടുതല്‍ തുക അയക്കണമെങ്കില്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ വഴിയും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചും മാത്രമേ സാധിക്കൂ. ഇതിനുപുറമേ, എക്സ്ചേഞ്ച് കമ്പനികളിലെ അക്കൗണ്ടിംഗ് രേഖകളും നിയമാനുസൃത നടപടിക്രമങ്ങളും പരിശോധിക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് ഫീല്‍ഡ് പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. 2013-ലെ 106-ാം നമ്പര്‍ നിയമപ്രകാരമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പരിശോധനകള്‍ നടത്തുന്നത്.
Comments ()