ബാങ്കുകൾക്ക് തുടർച്ചയായി 3 ദിവസം അവധി; നാളെ മുതൽ രാജ്യവ്യാപക സമരം

സെപ്റ്റംബർ 28, 29, 30 തീയതികളിൽ വീണ്ടും പണിമുടക്കുകൾ പ്രഖ്യാപിച്ചിട്ടുള്ള ജീവനക്കാർ, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ബാങ്കുകൾക്ക് തുടർച്ചയായി 3 ദിവസം അവധി; നാളെ മുതൽ രാജ്യവ്യാപക സമരം

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം നാളെ (സെപ്റ്റംബർ 11) മുതൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് തടസ്സപ്പെടും. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ അനുവദിക്കുക, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ തലത്തിൽ ബാങ്ക് ജീവനക്കാരുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) പ്രഖ്യാപിച്ച ദേശീയ പണിമുടക്കും, തുടർന്നു വരുന്ന രണ്ടാം ശനിയും ഞായറുമാണ് ബാങ്ക് ശാഖകളുടെ പ്രവർത്തനത്തെ ബാധിക്കുന്നത്.

പണിമുടക്ക് കാരണം പ്രവർത്തനങ്ങൾ തടസ്സപ്പെട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ മുൻനിര പൊതുമേഖലാ ബാങ്കുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെ ശാഖകൾ വഴിയുള്ള നേരിട്ടുള്ള പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ്, വായ്പാ നടപടികൾ, പുതിയ അക്കൗണ്ട് തുറക്കൽ, കെ.വൈ.സി പുതുക്കൽ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ ദിവസങ്ങളിൽ പൂർണ്ണമായി നിശ്ചലമാകും. സെപ്റ്റംബർ 28, 29, 30 തീയതികളിൽ വീണ്ടും പണിമുടക്കാനും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കാനും ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും ബാങ്കിങ് മേഖലയിൽ വലിയ പ്രതിസന്ധിക്ക് സാധ്യതയുണ്ട്.

ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യു.പി.ഐ വഴിയുള്ള ഓൺലൈൻ ഇടപാടുകൾ എന്നിവ തടസ്സമില്ലാതെ ലഭ്യമായിരിക്കും. രാജ്യത്തുടനീളമുള്ള എ.ടി.എം സേവനങ്ങൾ ലഭ്യമാകുമെങ്കിലും, തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കുന്നതിനാൽ ചില പ്രദേശങ്ങളിലെ എ.ടി.എമ്മുകളിൽ പണലഭ്യത കുറയാൻ സാധ്യതയുണ്ട്. അതിനാൽ ഉപഭോക്താക്കൾ അടിയന്തര ആവശ്യങ്ങൾക്കുള്ള പണം മുൻകൂട്ടി പിൻവലിച്ച് സൂക്ഷിക്കുന്നത് നന്നായിരിക്കും.