നജ്‌റാനിൽ സന്ദർശകരെ ആകർഷിച്ച് മനോഹര കൃത്രിമ വെള്ളച്ചാട്ടങ്ങൾ
അബ അർ റഷാഷിലെ അമീർ ജലവി ബിൻ അബ്ദുൽ അസീസ് പാർക്ക്, അൽ സഫ ഗാർഡൻ, ഫ്ലാഗ് സ്ക്വയർ, അൽ ഹുസൈൻ, അൽ ഫൈസലിയ, അൽ അരീസയിലെ അൽ ഷലാൽ പാർക്ക് എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങളാണ് സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്
റിയാദ്: സൗദി അറേബ്യയിലെ നജ്‌റാൻ പ്രവിശ്യയിൽ ഒരുക്കിയിരിക്കുന്ന കൃത്രിമ വെള്ളച്ചാട്ടങ്ങൾ വേനൽക്കാല വിനോദസഞ്ചാരത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ചൂടേറിയ കാലാവസ്ഥയിൽ പ്രകൃതിസൗന്ദര്യവും ശീതളമായ അന്തരീക്ഷവും ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ നിരവധി സന്ദർശകരാണ് ദിവസേന ഈ കേന്ദ്രങ്ങളിലെത്തുന്നത്. കുടുംബസമേതം സമയം ചെലവഴിക്കാനും വിശ്രമിക്കാനുമുള്ള മികച്ച ഇടങ്ങളായാണ് ഇവയെ വിലയിരുത്തപ്പെടുന്നത്.
നജ്‌റാനിലെ മലനിരകളുടെ സ്വാഭാവിക ഭംഗി സംരക്ഷിച്ചുകൊണ്ടാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആറ് കൃത്രിമ വെള്ളച്ചാട്ടങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. അബ അർ റഷാഷിലെ അമീർ ജലവി ബിൻ അബ്ദുൽ അസീസ് പാർക്ക്, അൽ സഫ ഗാർഡൻ, ഫ്ലാഗ് സ്ക്വയർ, അൽ ഹുസൈൻ, അൽ ഫൈസലിയ, അൽ അരീസയിലെ അൽ ഷലാൽ പാർക്ക് എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങളാണ് സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.
ശിലാരൂപങ്ങളിലൂടെ മനോഹരമായി ഒഴുകുന്ന ജലധാരകളും രാത്രിയിൽ തെളിയുന്ന വൈവിധ്യമാർന്ന ലൈറ്റിങ് സംവിധാനങ്ങളും ഈ കേന്ദ്രങ്ങളുടെ ഭംഗി വർധിപ്പിക്കുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിലും രാത്രിയിലും എത്തുന്നവർക്ക് കാഴ്ചയുടെ വ്യത്യസ്ത അനുഭവമാണ് ഇവ സമ്മാനിക്കുന്നത്. ഫോട്ടോഗ്രാഫി പ്രേമികൾക്കും പ്രകൃതി ആസ്വാദകർക്കും ഈ സ്ഥലങ്ങൾ ഏറെ പ്രിയങ്കരമാണ്.
വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രദേശത്തെ പൊതുപാർക്കുകളിലേക്കുള്ള ജനങ്ങളുടെ വരവും വർധിപ്പിക്കുന്നതിൽ ഈ പദ്ധതികൾ നിർണായക പങ്കുവഹിക്കുന്നതായി അധികൃതർ വിലയിരുത്തുന്നു. വിശാലമായ നടപ്പാതകൾ, വിശ്രമത്തിനുള്ള ഇരിപ്പിടങ്ങൾ, പച്ചപ്പാർന്ന പുൽത്തകിടികൾ എന്നിവ സന്ദർശകർക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
നജ്‌റാൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഈ വിനോദകേന്ദ്രങ്ങളുടെ വികസന പ്രവർത്തനങ്ങൾ തുടർച്ചയായി പുരോഗമിക്കുകയാണ്. ശുചിത്വം, സ്ഥിരമായ അറ്റകുറ്റപ്പണികൾ, അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതിലൂടെ നഗരത്തിന്റെ സൗന്ദര്യവും താമസക്കാരുടെയും സന്ദർശകരുടെയും അനുഭവവും കൂടുതൽ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
Comments ()