റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കും അമിത ഫീസിനുമെതിരെ കുവൈത്ത്; 'സഹേൽ' ആപ്പിലൂടെ പരാതിപ്പെടാം

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സഹേൽ ആപ്പ് വഴി 'റിപ്പോർട്ട് മീ' എന്ന ഇലക്ട്രോണിക് സേവനമാണ് ഇതിനായി അവതരിപ്പിച്ചത്.

റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കും അമിത ഫീസിനുമെതിരെ കുവൈത്ത്; 'സഹേൽ' ആപ്പിലൂടെ പരാതിപ്പെടാം

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളും കമ്പനികളും നിശ്ചിത പരിധിയിൽ കൂടുതൽ ഫീസ് ഈടാക്കുകയോ പണം വാങ്ങിയതിന് രസീത് നൽകാതിരിക്കുകയോ ചെയ്താൽ പൊതുജനങ്ങൾക്ക് പരാതി നൽകാൻ പുതിയ സംവിധാനവുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. തൊഴിൽ നിയമലംഘനങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനായി 'റിപ്പോർട്ട് മീ' എന്ന പേരിൽ പുതിയ ഇലക്ട്രോണിക് സേവനത്തിന് അതോറിറ്റി തുടക്കമിട്ടു.

കുവൈത്തിന്റെ ഔദ്യോഗിക ഏകീകൃത ആപ്പായ 'സഹേൽ' വഴിയാണ് ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ള നിരക്കുകൾ ലംഘിച്ച് ഉയർന്ന ഫീസ് വാങ്ങുന്ന സ്ഥാപനങ്ങൾക്കെതിരെയും, പണമിടപാടുകൾക്ക് രസീത് നൽകാത്ത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെയും പൊതുജനങ്ങൾക്ക് ഈ സംവിധാനം വഴി നേരിട്ട് പരാതി നൽകാം.

തൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുക, മനുഷ്യക്കടത്ത് തടയുക, തൊഴിൽ വിപണിയിലെ അനാചാരങ്ങളും നിയമലംഘനങ്ങളും കണ്ടെത്തുക എന്നിവയാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, റിക്രൂട്ട്‌മെന്റ് മേഖലയ്ക്ക് പുറമെ തൊഴിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന മറ്റ് സംഭവങ്ങളും ഈ സേവനം ഉപയോഗിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്.

റിക്രൂട്ട്മെന്റ് മേഖലയിൽ പൂർണ്ണ സുതാര്യത ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിനുമായി രാജ്യത്തുടനീളം പരിശോധനകളും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.