എസി കോച്ചിലെ 'ബെഡ്ഷീറ്റ് കള്ളന്മാര്‍'; 4 വര്‍ഷം കൊണ്ട് റെയില്‍വേക്ക് നഷ്ടം 104 കോടി രൂപ!

2022 ജനുവരി മുതല്‍ 2026 മെയ് വരെയുള്ള കാലയളവില്‍ മാത്രം 1.27 കോടിയിലധികം ബെഡ്‌റോള്‍ സാധനങ്ങളാണ് ട്രെയിനുകളില്‍ നിന്ന് കാണാതായത്.

എസി കോച്ചിലെ 'ബെഡ്ഷീറ്റ് കള്ളന്മാര്‍'; 4 വര്‍ഷം കൊണ്ട് റെയില്‍വേക്ക് നഷ്ടം 104 കോടി രൂപ!

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എസി കോച്ചുകളില്‍ യാത്രക്കാര്‍ക്കായി നല്‍കുന്ന കിടക്കവിരികളും ടവലുകളും വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. 2022 ജനുവരി മുതല്‍ 2026 മെയ് വരെയുള്ള കാലയളവില്‍ മാത്രം 1.27 കോടിയിലധികം ബെഡ്‌റോള്‍ സാധനങ്ങളാണ് ട്രെയിനുകളില്‍ നിന്ന് കാണാതായത്.

വിവരാവകാശ നിയമപ്രകാരം രാജ്യത്തെ 18 റെയില്‍വേ സോണുകളില്‍ 16 എണ്ണത്തിന് കീഴിലുള്ള 54 ഡിവിഷനുകളില്‍ നിന്ന് ശേഖരിച്ച ഔദ്യോഗിക കണക്കുകളിലാണ് ഈ വന്‍ മോഷണ വിവരം പുറത്തുവന്നിരിക്കുന്നത്. എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവരില്‍ ഒരു വിഭാഗം ആളുകള്‍ റെയില്‍വേ നല്‍കുന്ന സൗകര്യങ്ങള്‍ സ്ഥിരമായി സ്വന്തമാക്കുന്നു എന്നതിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

ശരാശരി 1,000 യാത്രക്കാര്‍ ട്രെയിനില്‍ കയറുമ്പോള്‍ അതില്‍ ഒരാള്‍ വീതം എന്തെങ്കിലുമൊക്കെ മോഷ്ടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോഷ്ടാക്കള്‍ക്ക് ഏറ്റവും പ്രിയം ടവലുകളോടാണെന്ന് കണക്കുകള്‍ പറയുന്നു. എസി കോച്ചുകളിലെ യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന ബെഡ്‌റോള്‍ കിറ്റില്‍ രണ്ട് കിടക്കവിരികള്‍ , ഒരു പുതപ്പ് , ഒരു തലയിണ, ഒരു തലയിണ കവര്‍, മുഖം തുടയ്ക്കാനുള്ള ഒരു ചെറിയ ടവല്‍ എന്നിവയാണുള്ളത്.

നാല് വര്‍ഷത്തിനിടെ ട്രെയിനുകളില്‍ നിന്ന് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയത് 46.54 ലക്ഷം ഫെയ്‌സ് ടവലുകളാണ്. തൊട്ടുപിന്നാലെ 41.13 ലക്ഷം കിടക്കവിരികളും റെയില്‍വേയ്ക്ക് നഷ്ടമായിട്ടുണ്ട്. കൂടാതെ 23.59 ലക്ഷം തലയിണക്കവറുകളും 12.95 ലക്ഷം പുതപ്പുകളും യാത്രക്കാര്‍ വീട്ടിലേക്ക് കൊണ്ടുപോയ കൂട്ടത്തിലുണ്ട്. എന്നാല്‍, വലിപ്പം കൂടുതലായതുകൊണ്ടാകാം തലയിണകള്‍ മോഷ്ടിക്കപ്പെടുന്നത് താരതമ്യേന കുറവാണ്2.76 ലക്ഷം എണ്ണം മാത്രമാണ് ഇക്കാലയളവില്‍ കാണാതായത്.