‘ഞാൻ പറയുന്നത് വിശ്വസിക്കൂ, ഇത് തുടക്കം മാത്രമാണ്’; രാഹുൽ ഗാന്ധിയുടെ 2018-ലെ പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു
പരീക്ഷാ ചോർച്ചകൾ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകളും ഭാവിയും തകർക്കുന്നതാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ ദുർബലപ്പെടുത്തലിന്റെ പ്രത്യാഘാതമാണ് ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവവികാസങ്ങൾക്കും പിന്നാലെ, 2018-ൽ രാഹുൽ ഗാന്ധി പങ്കുവെച്ച ഒരു എക്‌സ് പോസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എട്ട് വർഷം മുമ്പ് അദ്ദേഹം ഉയർത്തിയ മുന്നറിയിപ്പാണ് ഇന്നത്തെ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുന്നത്.
2018 മാർച്ച് 29-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് രാഹുൽ ഗാന്ധി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് എക്‌സിൽ പ്രതികരിച്ചത്. പരീക്ഷാ ചോർച്ചകൾ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകളും ഭാവിയും തകർക്കുന്നതാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ ദുർബലപ്പെടുത്തലിന്റെ പ്രത്യാഘാതമാണ് ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.
"പരീക്ഷാ ചോർച്ചകൾ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകളെയും ഭാവിയെയും ഇല്ലാതാക്കുന്നു. കോൺഗ്രസ് എല്ലായ്പ്പോഴും ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിച്ചിട്ടുണ്ട്. ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്. ഞാൻ പറയുന്നത് വിശ്വസിക്കൂ, ഇത് തുടക്കം മാത്രമാണ്," എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ കുറിപ്പ്.
നീറ്റ് പരീക്ഷാ വിവാദം ശക്തമായ സാഹചര്യത്തിൽ, അന്നത്തെ ഈ പരാമർശം മുൻകൂട്ടിക്കണ്ട മുന്നറിയിപ്പായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കകൾ ഇന്നത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി നിരവധി പേരാണ് പോസ്റ്റ് വീണ്ടും പങ്കുവെക്കുന്നത്.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പിന്നാലെ വിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾ അവസാനിച്ചെങ്കിലും, വിഷയം രാഷ്ട്രീയമായും പാർലമെന്റിലും ശക്തമായി ഉയർത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പ് പറയണമെന്നും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് അതിക്രമം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
നിലവിലെ നീറ്റ് വിവാദവും തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും 2018-ലെ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വീണ്ടും ദേശീയ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അന്നത്തെ മുന്നറിയിപ്പ് വെറും രാഷ്ട്രീയ വിമർശനമായിരുന്നോ, അതോ ഇന്നത്തെ യാഥാർഥ്യത്തിലേക്കുള്ള സൂചനയായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്നത്.
Comments ()