'വിദ്യാർത്ഥി പോരാട്ടം വിജയിച്ചു,ഈ ചെറുപ്രായത്തിൽ അവൻ വലിയൊരു കാര്യം ചെയ്തു'; മകനെ പ്രശംസിച്ച് അഭിജിത് ദീപ്‌കെയുടെ അമ്മ
നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് രാജ്യത്തുടനീളം ഉയർന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ ജൂൺ മാസത്തിൽ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ അഭിജിത്തിന്റെ സുരക്ഷയെക്കുറിച്ച് അന്നുമുതൽ വലിയ ആശങ്കയിലായിരുന്നുവെന്ന് അനിത പറഞ്ഞു
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ മാതാവ് അനിത ദീപ്‌കെ. വിദ്യാർത്ഥികളുടെ നീണ്ട പോരാട്ടം ലക്ഷ്യത്തിലെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഇനി തന്റെ മകൻ സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങിയെത്തണമെന്നുമാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്.
നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് രാജ്യത്തുടനീളം ഉയർന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ ജൂൺ മാസത്തിൽ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ അഭിജിത്തിന്റെ സുരക്ഷയെക്കുറിച്ച് അന്നുമുതൽ വലിയ ആശങ്കയിലായിരുന്നുവെന്ന് അനിത പറഞ്ഞു. പ്രക്ഷോഭത്തിനിടെ മകന് മർദനമേറ്റ സംഭവവും കുടുംബത്തെ ഏറെ വേദനിപ്പിച്ചുവെന്നും അവർ ഓർത്തെടുത്തു.
"അവനെ ആക്രമിച്ചുവെന്ന വാർത്ത അറിഞ്ഞപ്പോൾ മനസ്സ് തകർന്നുപോയി. അവന്റെ മുഖത്തടിച്ചുവെന്നറിഞ്ഞപ്പോൾ ഉറങ്ങാൻ പോലും കഴിഞ്ഞില്ല. പല രാത്രികളിലും പുലർച്ചെ മൂന്നും നാലും മണിവരെ ഉറക്കമില്ലാതെ ഇരിക്കേണ്ടിവന്നു. ഭക്ഷണം പോലും കഴിക്കാൻ കഴിഞ്ഞിരുന്നില്ല. ജൂൺ 7 മുതൽ ഞങ്ങൾ രണ്ടുപേരുടെയും ഉറക്കവും വിശപ്പും നഷ്ടപ്പെട്ടു. വീട്ടിലെ സാധാരണ കാര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല," അവർ പറഞ്ഞു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിക്കായി തന്റെ മകൻ നടത്തിയ പോരാട്ടത്തിൽ അഭിമാനമുണ്ടെന്നും അനിത കൂട്ടിച്ചേർത്തു. "അവൻ ഇപ്പോഴും വളരെ ചെറിയ പ്രായക്കാരനാണ്. എന്നിട്ടും ഈ പ്രായത്തിൽ രാജ്യത്തെ വിദ്യാർത്ഥികൾക്കുവേണ്ടി ഇത്ര വലിയൊരു പോരാട്ടത്തിന് നേതൃത്വം നൽകുകയും അത് വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തത് ഒരു അമ്മ എന്ന നിലയിൽ എനിക്ക് വലിയ അഭിമാനമാണ്," അവർ വികാരാധീനയായി പറഞ്ഞു.
ആഴ്ചകളോളം നീണ്ടുനിന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കുമൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. ഈ രാജി വിദ്യാർത്ഥി സമൂഹത്തിന്റെയും പ്രതിഷേധത്തിന് നേതൃത്വം നൽകിയ സംഘടനകളുടെയും പ്രധാന വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് മകന്റെ ഇടപെടലിൽ അഭിമാനം പ്രകടിപ്പിച്ച് അനിത ദീപ്‌കെ രംഗത്തെത്തിയത്.
Comments ()