കേരളത്തില്‍ ഡ്രൈവര്‍, ബിഹാറില്‍ കൊലയാളി! ബിഹാറിലെ കൊടുംകുറ്റവാളി കൊല്ലത്ത് പിടിയില്‍
ഇയാളെ കണ്ടെത്തുന്നവർക്ക് സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കൊല്ലം: ബിഹാർ പൊലീസിന്റെ ക്രിമിനൽ പട്ടികയിലുള്ള കൊടുംകുറ്റവാളിയും ആർജെഡി നേതാവിന്റെ കൊലപാതക കേസിലെ പ്രതിയുമായ ബിഹാർ സ്വദേശി കൊല്ലത്ത് പിടിയിലായി. സീതമഠി ജില്ലക്കാരനായ മുഹമ്മദ് അജാജ് അഹമ്മദിനെ (32) കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ ബിഹാർ പൊലീസ് സംഘമാണ് ചാമക്കടയിൽ നിന്ന് അറസ്റ്റ് ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11-ഓളം കേസുകളിൽ പ്രതിയായ ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ബിഹാർ സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സീതാമഠി ജില്ലാ പരിഷത്ത് അംഗവും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ ബൈദ്യനാഥ് മഹ്തോയെ വെടിവച്ചു കൊന്ന കേസിലെ പ്രധാന സൂത്രധാരനാണ് അജാജ്. കഴിഞ്ഞ സെപ്റ്റംബർ 12-ന് ദുംറയിൽ രാവിലത്തെ നടപ്പാനിറങ്ങിയ മഹ്തോയെ പ്രതികൾ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായ ത്രിഭുവനെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.
2016 മുതൽ കേരളത്തിൽ തങ്ങുന്ന അജാജ് കൊല്ലത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ, കേരളത്തിൽ തുടരുമ്പോഴും ഇടയ്ക്കിടെ ബിഹാറിലെത്തി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. 2020-ൽ മോഷണശ്രമത്തിനിടെ യുവതിയെ വെടിവച്ചു കൊന്ന കേസ് ഉൾപ്പെടെ 2012 മുതലുള്ള ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണ്.
ബിഹാർ ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അജാജ് കേരളത്തിലുണ്ടെന്ന വിവര ലഭിക്കുന്നത്. തുടർന്ന് എസ്.ഐ രാമായൺ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 10 ദിവസം മുൻപ് കേരളത്തിലെത്തി. കൊല്ലം ഈസ്റ്റ് പൊലീസുമായി ചേർന്ന് നടത്തിയ തിരച്ചിലിൽ ചാമക്കടയിലെ ഒളിവുകേന്ദ്രത്തിൽ നിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അജാജിനെ തുടർനടപടികൾക്കായി ബിഹാർ പൊലീസിന് വിട്ടുനൽകി.
Comments ()