ഹരിപ്പാട് കാറും ബുള്ളറ്റും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
ള്ളിപ്പാട് പനവേലിൽ മുബാറക്കിന്റെയും പരേതയായ ലൈലയുടെയും മകൻ ഖലീൽ (37) ആണ് മരിച്ചത്
ആലപ്പുഴ: ദേശീയപാതയിൽ കരിയിലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരൻ തൽക്ഷണം മരിച്ചു. പള്ളിപ്പാട് പനവേലിൽ മുബാറക്കിന്റെയും പരേതയായ ലൈലയുടെയും മകൻ ഖലീൽ (37) ആണ് മരിച്ചത്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂളിലെ ഡ്രൈവറായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഖലീൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് അമിതവേഗതയിൽ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിന്റെ എൻജിൻ ഭാഗം വേർപെട്ട് രണ്ടായി പിളർന്നു. ബുള്ളറ്റിന്റെ അവശിഷ്ടങ്ങൾ 50 മീറ്ററോളം ദൂരേക്ക് തെറിച്ചുവീണു. മുൻഭാഗം പൂർണമായും തകർന്ന കാറിന്റെ ചില്ലുകൾ തെറിച്ച് ഡ്രൈവറായ യുവാവിനും നിസാര പരുക്കേറ്റു.
നാലുവരിപ്പാതയിലേക്ക് നേരിട്ട് തുറന്നിട്ടിരിക്കുന്ന ഈ ഭാഗത്ത് വാഹനാപകടങ്ങൾ പതിവാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അപകടത്തിൽപ്പെട്ട ഖലീലിന്റെ മൃതദേഹം കായംകുളം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments ()