മഹാരാഷ്ട്രയിൽ മലയാളി വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ
നേപ്പാൾ സ്വദേശി യഷ് താപ്പേയെ കസ്റ്റഡിയിലെടുത്തത് ഗോവയിൽ നിന്നുമാണ്.
പനാജി: മഹാരാഷ്ട്രയിലെ ഖോപോളിയിൽ മലയാളി വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നേപ്പാൾ സ്വദേശിയായ യഷ് താപ്പേയാണ് ഗോവയിൽ നിന്നും പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് ഇയാൾ വയോധികയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ സ്വദേശിനിയായ 71-കാരി മഹേശ്വരിയെ ഖോപോളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേശ്വരിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിന്റെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണമാണ് അയൽവാസിയായ യഷ് താപ്പേയിലേക്ക് എത്തിയത്. മഹേശ്വരി താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപമാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. കടുത്ത സാമ്പത്തിക ബാധ്യത തീർക്കുന്നതിനായാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ലഹരിക്ക് അടിമയായ പ്രതി മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്നും പൊലീസ് അറിയിച്ചു.
Comments ()