തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തമിഴ്നാട്ടിൽ മന്ത്രിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ പേരിലുള്ള വാഹനമാണ് അപകടത്തിനിടയാക്കിയത്.
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ പേരിലുള്ള കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയപാതയില്‍ കാട്ടാന്‍കുളത്തൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ 28 വയസ്സുകാരനായ ഇരയിന്‍പ് ആണ് കൊല്ലപ്പെട്ടത്. മന്ത്രിയുടെ ബന്ധുക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയതിന് ഡ്രൈവറായ മധുര സ്വദേശി ചിന്ന അഗ്‌നിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലേക്ക് പോകുകയായിരുന്ന മന്ത്രി തൊട്ടുമുന്നിലെ വാഹനത്തിലാണ് യാത്ര ചെയ്തിരുന്നത്. അടുത്തിടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിവാദത്തിലായ ജഗദീശ്വരിയെ വിജയ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം ഉണ്ടാകുന്നത്.
Comments ()