ബിജെപിക്ക് കേരളത്തിൽ കൃത്യമായ ദിശയില്ല; മാറ്റം കൊണ്ടുവരുന്നതിൽ ‘ബിഗ് സീറോ’: ദേവൻ

കേരളത്തിലെ ബിജെപി നേതാക്കൾക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്നാണ് ദേവന്റെ ആരോപണം. സ്വയം പ്രവർത്തിക്കാത്തതിനൊപ്പം മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിക്ക് കേരളത്തിൽ കൃത്യമായ ദിശയില്ല; മാറ്റം കൊണ്ടുവരുന്നതിൽ ‘ബിഗ് സീറോ’: ദേവൻ

കൊച്ചി: കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. നിലവിലെ രാഷ്ട്രീയ സംവിധാനത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും കേരളത്തിലെ പാർട്ടിയുടെ വളർച്ച ശരിയായ ദിശയിലല്ലെന്നും ദേവൻ പറഞ്ഞു.

കേരളത്തിലെ ബിജെപി നേതാക്കൾക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്നാണ് ദേവന്റെ ആരോപണം. സ്വയം പ്രവർത്തിക്കാത്തതിനൊപ്പം മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം അനിവാര്യമാണെന്നും അതിനായി പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം ആവശ്യമാണെന്നും ദേവൻ വ്യക്തമാക്കി.

അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ കേരള ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷ പദവി തനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന കാര്യം ദേവൻ സ്ഥിരീകരിച്ചു. എന്നാൽ പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അടുത്ത മാസം വിജയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വിജയിയുടെ രാഷ്ട്രീയ നിലപാടുകളെ പ്രശംസിച്ച് ദേവൻ

വിജയ്‌യുടെ രാഷ്ട്രീയ സമീപനത്തെ ദേവൻ അഭിനന്ദിച്ചു. നിലവിലെ രാഷ്ട്രീയ സംവിധാനത്തോട് അതൃപ്തിയുള്ള ജനങ്ങളെ ഒരുമിപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ബോധ്യമുള്ള സിനിമാ താരങ്ങൾ കുറവാണെന്നും വിജയ് ഇക്കാര്യത്തിൽ വ്യത്യസ്തനാണെന്നും ദേവൻ അഭിപ്രായപ്പെട്ടു.

2004ൽ സിനിമാ രംഗത്ത് മികച്ച നിലയിലിരിക്കെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം എടുത്തതെന്ന് ദേവൻ പറഞ്ഞു. പിന്നീട് 2021ൽ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച് നാല് മണ്ഡലങ്ങളിൽ മത്സരിച്ച അനുഭവവും അദ്ദേഹം പങ്കുവച്ചു. അന്ന് നേരിട്ട ഭീഷണി കോളുകൾ ഉൾപ്പെടെയുള്ള അനുഭവങ്ങൾ രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ കൂടുതൽ വ്യക്തമാക്കിയെന്നും ദേവൻ പറഞ്ഞു.

താൻ നേരത്തെ മുന്നോട്ടുവച്ച ചില രാഷ്ട്രീയ ആശയങ്ങളാണ് പിന്നീട് വിജയ്‌യും ഉയർത്തിപ്പിടിച്ചതെന്ന് അവകാശപ്പെട്ട ദേവൻ, സമൂഹത്തിലെ രാഷ്ട്രീയ സംവിധാനത്തിൽ നിരാശരായവരെ ഉൾക്കൊള്ളുന്ന പുതിയൊരു രാഷ്ട്രീയ മുന്നേറ്റമാണ് ആവശ്യമെന്നും കൂട്ടിച്ചേർത്തു.