'കൗണ്സിലര് ആയി തുടരും, മരിക്കും വരെ ബിജെപിയില്'; ആര്. ശ്രീലേഖ
കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീലേഖ
തിരുവനന്തപുരം കോര്പ്പറേഷന് കൗണ്സിലര് പദവിയുമായി ബന്ധപ്പെട്ട് ഉയര്ന്ന രാജി വിവാദങ്ങളില് വ്യക്തത വരുത്തി ബി.ജെ.പി നേതാവും മുന് ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആര്. ശ്രീലേഖ രംഗത്തെത്തി. താന് കൗണ്സിലര് പദവിയില് തുടര്ന്നും പ്രവര്ത്തിക്കുമെന്നും മരണം വരെ ബി.ജെ.പിയില് ഉണ്ടാകുമെന്നും അവര് 'സസ്നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ദേശീയ വനിതാ കമ്മീഷന് അംഗത്വം ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന വാര്ത്തകള് അവര് പൂര്ണ്ണമായും തള്ളി.
ആശുപത്രിയില് ചികിത്സയില് കഴിയവേ തന്നെ മോശമാക്കി ചിത്രീകരിക്കാന് ശ്രമം നടന്നുവെന്നും, ബി.ജെ.പി അംഗത്വം എടുത്ത നാള് മുതല് മാധ്യമങ്ങള് തന്നെ വേട്ടയാടുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്തും ഇത് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര് പറഞ്ഞു. താന് കൂടി ഉള്പ്പെട്ട സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തതെന്നും, താനൊരു നരേന്ദ്ര മോദി ഭക്തയാണെന്നും മറ്റൊരു പാര്ട്ടിയിലേക്കും പോകില്ലെന്നും കോണ്ഗ്രസിലേക്ക് പോകുമെന്ന വാര്ത്തകള് തികച്ചും അസംബന്ധമാണെന്നും അവര് കൂട്ടിച്ചേര്ത്തു.
ഡി.ജി.പി ആയിരുന്ന വ്യക്തിയോട് ഒരു കോണ്സ്റ്റബിളിന്റെ ജോലി ചെയ്യാന് പറയുമ്പോഴുള്ള പ്രയാസങ്ങള് കൗണ്സിലര് പദവിയില് ഉണ്ടെന്നും, ഞായറാഴ്ച പോലും വിശ്രമമില്ലാതെ കടുത്ത മാനസിക സമ്മര്ദ്ദത്തിലൂടെയാണ് ശാസ്തമംഗലം വാര്ഡില് പ്രവര്ത്തിക്കുന്നതെന്നും ശ്രീലേഖ വ്യക്തമാക്കി. വാര്ഡിലെ ചെറിയ കാര്യങ്ങളില് പോലും ചിലര് വാട്സാപ്പിലൂടെ മോശമായി എഴുതുകയും വിമര്ശിക്കുകയും ചെയ്തപ്പോഴുള്ള വിഷമം കൊണ്ടാണ് മേയര്ക്ക് സന്ദേശം അയച്ചത്. ആരോഗ്യപ്രശ്നങ്ങള് മൂലം ഡോക്ടര് വിശ്രമം നിര്ദ്ദേശിച്ചതുകൊണ്ടാണ് കൗണ്സിലര് ചുമതലകളില് നിന്ന് മാറി തല്ക്കാലം ഒരു സാധാരണ പ്രവര്ത്തകയായി മാത്രം തുടരാന് ആഗ്രഹിച്ചതെന്നും അവര് വിശദീകരിച്ചു.
Comments ()