സിപിഎം-സിഐടിയു രംഗത്തെ മുതിർന്ന നേതാവ്; ബേബി ജോൺ മാസ്റ്റർ അന്തരിച്ചു
ബീഡി തൊഴിലാളി യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ, കള്ളുചെത്ത് തൊഴിലാളി യൂണിയൻ, ചുമട്ടുതൊഴിലാളി സംഘടനകൾ എന്നിവയുടെ വിവിധ ചുമതലകൾ വഹിച്ചു
തൃശ്ശൂർ: മുതിർന്ന സിപിഎം നേതാവും ട്രേഡ് യൂണിയൻ രംഗത്തെ പ്രമുഖ പ്രവർത്തകനുമായ ബേബി ജോൺ മാസ്റ്റർ (74) അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ച അദ്ദേഹം തൃശ്ശൂരിലെ ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ദീർഘകാലം സജീവമായിരുന്നു.
1969ൽ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് എത്തിയ ബേബി ജോൺ 1971ലാണ് സിപിഎം അംഗമായത്. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്-ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ചാവക്കാട് ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1986ൽ ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം 1997ൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി. 2006 ജൂലൈയിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽനിന്ന് മത്സരിക്കുകയും ചെയ്തു.
സിഐടിയു രംഗത്തും ബേബി ജോൺ മാസ്റ്റർ നിർണായക ഇടപെടലുകൾ നടത്തിയിരുന്നു. ബീഡി തൊഴിലാളി യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ, കള്ളുചെത്ത് തൊഴിലാളി യൂണിയൻ, ചുമട്ടുതൊഴിലാളി സംഘടനകൾ എന്നിവയുടെ വിവിധ ചുമതലകൾ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് രണ്ടര മാസത്തോളം ജയിൽവാസം അനുഭവിക്കുകയും ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം അധ്യാപകവൃത്തിയിലും അദ്ദേഹം പ്രവർത്തിച്ചു. തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ 1971ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പൊലീസ് നടപടികളെ തുടർന്ന് ഒന്നര വർഷം സസ്പെൻഷനിലായിരുന്നു. 1991ൽ സ്വമേധയാ വിരമിച്ച് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി. ചാവക്കാട് നഗരസഭാ കൗൺസിലറായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഷീല. മക്കൾ: മനവൻ, ഹിമവൻ, അങ്കന.
Comments ()