കൊലപാതകത്തിന്റെ നടുക്കത്തിൽ നാട്; അഞ്ജനയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
തിരുവനന്തപുരത്തെ കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ മൃതദേഹം വിമാനത്താവളത്തിൽനിന്ന് കോട്ടയത്തെ ഭർതൃവീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹത്തിന്റെ സംസ്കാരം നാളെ രാവിലെ 11ന് നടക്കും
കൊച്ചി: കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജനയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ എത്തിച്ച മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സാൻ ഫ്രാൻസിസ്കോയിൽനിന്ന് ലോസ് ആഞ്ചലസ്, ദുബായ് വഴിയുള്ള വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്.
തിരുവനന്തപുരത്തെ കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ മൃതദേഹം വിമാനത്താവളത്തിൽനിന്ന് കോട്ടയത്തെ ഭർതൃവീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹത്തിന്റെ സംസ്കാരം നാളെ രാവിലെ 11ന് നടക്കും. തൃശൂർ സ്വദേശിനിയായ അഞ്ജനയുടെ മൃതദേഹം വിലങ്ങന്നൂരിലെ ഭർതൃവീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു.
വൈകിട്ടോടെ മണ്ണുത്തിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം അവിടെവെച്ച് നടക്കും. ഓഗസ്റ്റ് 28നാണ് മിൽപിറ്റാസിലും സാൻ ഹോസെയിലുമായി ഇരട്ടക്കൊലപാതകം നടന്നത്. യുവതികളുടെ അടുത്ത സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയുമായ അനിലയാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് യുഎസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സാൻ ഹോസെയിലെ വീട്ടിലെത്തിയ ആൻ മേരി മാത്യുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞ് അഞ്ജനയെ ഫോണിൽ വിളിച്ചുവരുത്തുകയും വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
സംഭവത്തിന് പിന്നാലെ കാലിഫോർണിയ പൊലീസ് അനിലയെ അറസ്റ്റ് ചെയ്തു. നിലവിൽ സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ റിമാൻഡിലാണ് പ്രതി. അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ട് യുവതികളെ തുടർച്ചയായ മണിക്കൂറുകളിൽ കൊലപ്പെടുത്താൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മിൽപിറ്റാസ് പൊലീസ് അന്വേഷണം തുടരുകയാണ്.
Comments ()